പൗരത്വ നിയമം: വാക്സിൻ വിതരണം പൂർത്തിയായാൽ നടപടി ആരംഭിക്കും -അമിത് ഷാ
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണം പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിൻ വിതരണം പൂർത്തിയാകുകയും നമ്മൾ കോവിഡ് മുക്തമാകുകയും ചെയ്താലുടൻ പശ്ചിമ ബംഗാളിലെ മതുവ സമുദായമുൾപ്പെടെ പൗരത്വ ഭേദഗതി നിയമ പരിധിയിൽ വരുന്ന അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നടപടിക്രമങ്ങൾ ആരംഭിക്കും -അമിത് ഷാ പറഞ്ഞു. പൗരത്വ ഭേഗഗതി ആക്ട് പാർലമെൻറിൻെറ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അത് തടയാനാകുക? മാത്രമല്ല, നിങ്ങൾ അത് തടയാൻ അധികാരത്തിലുമല്ല -അദ്ദേഹം പറഞ്ഞു.
ബംഗാളിൽ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് മമതാ ബാനർജി ജയ് ശ്രീറാം വിളിക്കാൻ തുടങ്ങുമെന്ന് കൂച്ച് ബെഹറിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു. ഇന്ത്യയിലല്ലെങ്കിൽ പിന്നെ പാകിസ്താനിലാണോ ജയ് ശ്രീറാം മുഴങ്ങേണ്ടതെന്നും അമിത് ഷാ ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് വാക്സിനേഷൻ പ്രക്രിയ പോലും ആരംഭിച്ചിട്ടില്ലെന്നും കാവി പാർട്ടി തെരഞ്ഞെടുപ്പ് പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്നുമാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

