പ്രതിഷേധം രാജ്യവ്യാപകം; കൂടുതൽ സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ
text_fieldsന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാകുന്നു. പ്രതിഷേധത്തെ തുടർന്ന് കൂടുതൽ സംസ്ഥാനങ്ങളിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈസ്റ്റ് ഡൽഹി, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ മൂന്നു ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഡൽഹിയിലെ എട്ട് മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. മിക്ക നഗരങ്ങളിലും റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിലെ മണ്ഡി ഹൗസിൽ നിന്നും ജന്തർ മന്ദിറിലേക്ക് ഇടതുപക്ഷ പാർട്ടികൾ നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ‘ഹം ഭക്ത് കി ലോഗ്’ എന്ന പേരിൽ ലാൽ ഖിലയിൽ നിന്നും ഷഹീദ് ഭഗത് സിങ് പാർക്കിലേക്ക് നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്.
മുംബൈയിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വൻ റാലി നടക്കും. ആഗസ്ത് ക്രാന്തി മൈതാനത്തിൽ നടക്കുന്ന മെഗാ റാലിയിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കാളികളാകും.
കൊൽക്കത്തയിൽ സി.പി.എം, കോൺഗ്രസ് പാർട്ടികളുടെ മാർച്ച് ഇന്ന് നടക്കും. മിക്ക നഗരങ്ങളിലും ഇൻറർനെറ്റ് വിഛേദിച്ചിട്ടുണ്ട്.
ഹൈദരാബാദ് പൊലീസും പ്രതിഷേധ മാർച്ചുകൾക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു തരത്തിലുളള റാലികൾക്കും അനുമതി നൽകില്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ മാർച്ചുകളോ റാലികളോ ആഹ്വാനം ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിെലടുത്ത് ബംഗളൂരുവിലെ ടൗൺ ഹാൾ പരസിസരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. യോഗം ചേരുന്നതിനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ബിഹാറിൽ സി.പി.എം പ്രവർത്തകർ ലഹാരിഅരസായ് റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു. പാട്നയിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ രാജേന്ദ്ര നഗർ റെയിൽവേ സ്റ്റേഷൻ ഉപരോധിക്കുകയും ട്രെയിൻ തടയുകയും െചയ്തു.
ചെന്നൈയിലും പ്രതിഷേധ മാർച്ചുകൾക്ക് പൊലീസ് നിരോധനം ഏർപ്പെടുത്തി. മദ്രാസ് സർവകലാശാലയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച 15 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വിദ്യാർഥികൾ സർവകലാശാല പ്രവേശന കവാടം ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
