‘കലാപം നയിച്ചത്’ മരിച്ചവരും കിടപ്പിലായവരും; പരിഹാസ്യരായി യു.പി പൊലീസ്, തെറ്റുപറ്റിയെന്ന് മജിസ്ട്രേറ്റ്
text_fieldsലഖ്നോ: ആറു വർഷം മുമ്പ് മരിച്ചുപോയ തെൻറ പിതാവ് ബന്നേ ഖാൻ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിേഷധത്തിൽ പങ്കെടുത്ത് അക്രമപ്രവർത്തനം നടത്തിയെന്ന പൊലീസ് റിപ്പോർട്ടിൽ അന്തംവിട്ടിരിക്കുകയാണ് മുഹമ്മദ് സർഫറാസ്. ഫസാഹത്ത് മീർ ഖാൻ എന്ന 93കാരനായ സാമൂഹിക പ്രവർത്തകൻ രോഗബാധിതനായി ശയ്യാവലംബിയാണ്. എഴുന്നേറ്റിരിക്കാൻ പോലുമാവാത്ത മീർ ഖാനും, സമാധാനം തകർക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചാർത്തി ഫിറോസാബാദ് പൊലീസ് നോട്ടീസ് പുറത്തിറക്കിയ 200 പേരിൽ ഒരാളാണ്.
കഴിഞ്ഞ 58 വർഷമായി ജുമാ മസ്ജിദിൽ ജോലി ചെയ്യുന്ന 90കാരനായ സൂഫി അബ്റാർ ഹുസൈനും ‘കലാപകാരികളു’ടെ പട്ടികയിലുണ്ട്. നിരപരാധികളായ നിരവധി പേർക്കെതിരെ യു.പി പൊലീസ് അന്യായമായി കുറ്റം ചാർത്തുന്നുവെന്ന ആേരാപണം ശക്തമാവുന്നതിനിടെ, മരിച്ചവരും കിടപ്പിലായവരും പട്ടികയിൽ ഉൾപ്പെട്ടത് പൊലീസിന് കനത്ത തിരിച്ചടിയായി. ഒരുപാടു പേരെ തെറ്റായി പട്ടികയിൽ േചർത്തിട്ടുണ്ടെന്ന് സമ്മതിച്ച സിറ്റി മജിസ്ട്രേറ്റ് കുൻവർ പങ്കജ് സിങ്, അവർക്കെതിരെ നടപടിയെടുക്കില്ലെന്നും അറിയിച്ചു.
‘എെൻറ പിതാവ് ആറു വർഷം മുമ്പ് മരിച്ചുപോയതാണ്. അദ്ദേഹത്തിെൻറ പേരും അക്രമം നടത്തിയവർക്കൊപ്പം ചേർത്തിരിക്കുന്നു. പത്രങ്ങളിൽനിന്നാണ് ഞാനതറിഞ്ഞത്. പിതാവിെൻറ പേരിൽ നോട്ടീസ് അയക്കുംമുമ്പ് പൊലീസ് ശരിയായ അന്വേഷണം നടത്തേണ്ടിയിരുന്നു. പിതാവിെൻറ മരണ സർട്ടിഫിക്കറ്റ് എെൻറ പക്കലുണ്ട്’- സർഫറാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബർ 20ന് ഫിേറാസാബാദിൽ നടത്തിയ പ്രതിഷേധത്തിനിടെ അക്രമം നടത്തിയെന്നാരോപിച്ചാണ് നിരവധി പേർക്കെതിരെ കേസെടുത്തത്. മരിച്ചുപോയ ബന്നേ ഖാൻ, കിടപ്പിലായ ഫസാഹത്ത് മീർ ഖാൻ, സൂഫി അബ്റാർ ഹുസൈൻ തുടങ്ങിയവരോട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാകാനും 10 ലക്ഷം രൂപ കെട്ടിവെക്കാനുമാണ് നോട്ടീസിലുള്ളത്. ‘എെൻറ പിതാവ് അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനെ രാഷ്ട്രപതിഭവനിൽ അദ്ദേഹം സന്ദർശിച്ചിരുന്നു. കിടപ്പിലായ അദ്ദേഹത്തിെൻറ പേരിൽ പൊലീസ് എന്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ -ഫസാഹത്ത് മീർ ഖാെൻറ മകൻ പറയുന്നു.
പരിഹാസ്യമായ പട്ടികയുടെ പേരിൽ പഴി കേൾേക്കണ്ടിവന്നതിനു പിന്നാലെയാണ് വിശദീകരണവുമായി മജിസ്ട്രേറ്റ് രംഗത്തെത്തിയത്. ‘സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുന്നതിനിടയിൽ പല പൊലീസ് സ്റ്റേഷനുകളിൽനിന്നും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ, മുതിർന്നവരും കിടപ്പിലായവരുമടക്കം ഒരുപാടുപേരെ തെറ്റായി ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ല’- കുൻവർ പങ്കജ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
