പ്രതിഷേധിച്ച ജർമൻ വിദ്യാർഥിയെ തിരിച്ചയച്ചത് വിവാദമായി
text_fieldsചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മദ്രാസ് െഎ.െഎ.ടിയിലെ ജർമൻ വിദ്യാർഥിയെ നാട്ടിലേക്ക് തിരിച്ചയച്ച സംഭവം വിവാദമാവുന്നു. വിദ്യാഭ്യാസ വിനിമയ പദ്ധതി പ്രകാരം ട്രിപ്സൺ സർവകലാശാലയിൽനിെന്നത്തിയ ഫിസിക്സ് മാസ്റ്റർ ബിരുദവിദ്യാർഥി ജേക്കബ് ലിൻഡെൻതാലിനെയാണ് (24) മടക്കിയയച്ചത്. ഒരു സെമസ്റ്റർകൂടി ബാക്കിയിരിക്കെയാണ് തിരിച്ചയച്ചത്.
െഎ.െഎ.ടിയിലെ ഇടതുപക്ഷ വിദ്യാർഥി കൂട്ടായ്മയായ ‘ചിന്താബാർ’ കാമ്പസ് അങ്കണത്തിൽ നടത്തിയ പൗരത്വ നിയമ വിരുദ്ധ സമരത്തിലാണ് ജേക്കബും പങ്കാളിയായത്. 1933 മുതൽ 1945 വരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു എന്ന പ്ലക്കാർഡാണ് ജേക്കബ് ഉയർത്തിപ്പിടിച്ചിരുന്നത്. ജർമനിയിലെ നാസിഭരണത്തെ ഒാർമപ്പെടുത്തുന്ന ഇൗ ഫോേട്ടാ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോഴ്സ് കോഒാഡിനേറ്ററാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരെ കാണാൻ ആവശ്യപ്പെട്ടത്. വിസനിയമം ലംഘിച്ചതിനാൽ ഉടൻ രാജ്യം വിടണമെന്നായിരുന്നു അധികൃതരുടെ ഉത്തരവ്.
രേഖാമൂലം കത്ത് വേണമെന്ന് ജേക്കബ് ആവശ്യപ്പെട്ടുവെങ്കിലും നൽകാൻ തയാറായില്ല. മാപ്പ് എഴുതിത്തരാമെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. തുടർന്ന് രാജ്യംവിട്ട ജേക്കബ് അടുത്ത സുഹൃത്തുക്കൾക്ക് സന്ദേശമയക്കുകയായിരുന്നു. മദ്രാസ് െഎ.െഎ.ടിയിലേക്ക് ഇനി തിരിച്ചുവരില്ലെന്നും ഇതിൽ അറിയിച്ചിട്ടുണ്ട്. ജേക്കബിനോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെടാതെ നടപടി സ്വീകരിച്ചതും വാക്കാൽ രാജ്യം വിടാൻ നിർദേശിച്ചതും ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണെന്ന് ‘ചിന്താബാർ’ ഭാരവാഹികൾ ആരോപിച്ചു. രാജ്യത്തുനിന്ന് പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
