ഡൽഹി പ്രതിഷേധം: കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയച്ചു തുടങ്ങി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദിന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയച്ചു തുടങ്ങി. ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘർഷത്തിൽ 42 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ 14 മുതൽ 16 വയസുവരെ ഒമ്പത് കുട്ടികളും ഉൾപ്പെട്ടിരുന്നു. ഇവരെയാണ് വിട്ടയക്കുന്നത്.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചന്ദ്രശേഖർ ആസാദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ഭാഗമായി ഇന്ന് പുലർച്ചെ കീഴടങ്ങിയിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാമെങ്കിൽ കീഴടങ്ങാമെന്ന നിബന്ധന ആസാദ് മുന്നോട്ടു വെച്ചിരുന്നു. ഈ ചർച്ചയുടെ പശ്ചാത്തലത്തിലാണ് കുട്ടികളെ പൊലീസ് വിട്ടയക്കുന്നത്. മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷം അവർക്കൊപ്പമാണ് കുട്ടികളെ വിട്ടയക്കുക.
വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ജമാ മസ്ജിദിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് ചന്ദ്രശേഖർ ആസാദ് പ്രതിഷേധ റാലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റാലിക്ക് പൊലീസ് അനുമതി നൽകിയില്ല. റാലിയിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപിടിച്ച് പങ്കെടുത്ത ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ, നാടകീയമായ രക്ഷപ്പെട്ട ആസാദ് ജമാ മസ്ജിദിൽ വീണ്ടുമെത്തി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. അനുനയശ്രമം പൊലീസ് തുടർന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മസ്ജിദിന് മുമ്പിൽ ജനങ്ങൾ തടിച്ചുകൂടുന്ന സ്ഥിതിയും ഉണ്ടായി. കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട പൊലീസിനോട് തന്നെ പള്ളിക്കുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ആസാദ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
