സി.പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി
text_fieldsപുതിയ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ,സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി ജഗ്ദീപ് ധൻകറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിനിടെ. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമീപം
ന്യൂഡൽഹി: ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ച രാവിലെ പത്തിന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു.
സെപ്റ്റംബർ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിക്കെതിരെ 152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഹാരാഷ്ട്ര ഗവർണറായ സി.പി രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ സുദർശൻ റെഡ്ഡിക്ക് 300 വോട്ടും, രാധാകൃഷ്ണന് 452 വോട്ടും ലഭിച്ചു.
ദൈവനാമത്തിലായിരുന്നു പുതിയ ഉയരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ, ലോക്സഭ സ്പീക്കർ ഓം ബിർല, മുൻ ഉപരാഷ്ട്രപതിമാരായ ഹാമിദ് അൻസാരി, വെങ്കയ്യ നായിഡു, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ പങ്കെടുത്തപ്പോൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിട്ടു നിന്നു. എന്നാൽ, കോൺഗ്രസ് പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തിരുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ വോട്ടു ചോർച്ച വലിയ വിവാദമായിരുന്നു. ഇൻഡ്യ മുന്നണി സ്ഥാനാർഥിയായ സുദർശൻ റെഡ്ഡിക്ക് പ്രതീക്ഷച്ച വോട്ടുകൾ നേടാൻ കഴിഞ്ഞില്ലെന്നും, മുന്നണി അംഗങ്ങളുടെ വോട്ടുകൾ ചോർന്നതായും ആക്ഷേപമുയർന്നു. പ്രതിപക്ഷ വീര്യം വോട്ടുകളിൽ കാണാൻ കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന ആരോപണം.
എൻ.ഡി.എയുടെ 427ഉം, പിന്തുണ അറിയിച്ച വൈ.എസ്.ആർ കോൺഗ്രസിന്റെ 11ഉം ചേർത്ത് 438 വോട്ടുകളാണ് എൻ.ഡി.എ പ്രതീക്ഷിച്ചതെങ്കിലും 14 വോട്ടുകൾ കൂടഇ 452ലെത്തി. അസാധുവായ പത്ത് വോട്ടുകൾ ഉൾപ്പെടെ പ്രതിപക്ഷത്തു നിന്നും 24 വോട്ടുകൾ എതിർ പക്ഷത്തേക്ക് മറിഞ്ഞുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും രംഗത്തെത്തിയിരുന്നു.
ജൂലൈ 21-ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനായിരുന്ന സി.പി രാധാകൃഷ്ണൻ ആർ.എസ്.എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്‌നാട്ടിലെ പ്രധാന നേതാവായി മാറി. കോയമ്പത്തൂരിൽ നിന്നും ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പതിനാറാം വയസ്സിൽ ആർ.എസ്.എസിലൂടെ വന്ന രാധാകൃഷ്ണൻ 1974 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബി.ജെ.പി തമിഴ്നാട് സെക്രട്ടറിയായും, 2004ൽ സംസ്ഥാന പ്രസിഡന്റായും നിയമിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

