'ബൈ ബൈ മോദി' ബോർഡ് വെച്ച അഞ്ച് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsലഖ്നോ: പ്രയാഗ്‌രാജിൽ 'ബൈ ബൈ മോദി' എന്നെഴുതിയ ഹോർഡിംഗ് സ്ഥാപിച്ചതിന് അഞ്ച് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രിന്റിങ് പ്രസ് ഉടമ അഭയ് കുമാർ സിങ്, അനികേത് കേസരി, കരാറുകാരനായ രാജേഷ് കേസർവാനി, കൂലിപ്പണിക്കാരായ ശിവ്, ധർമേന്ദ്ര എന്ന നങ്ക എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
1,105 രൂപ വിലയുള്ള പാചക വാതക സിലിണ്ടർ പിടിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ കാർട്ടൂണാണ് ബാനറിൽ ഉണ്ടായിരുന്നത്. "കർഷക നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നിരവധി കർഷകരുടെ ജീവൻ നിങ്ങൾ അപഹരിച്ചു", "കരാർ ജോലി വ്യാപകമാക്കി യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തു" തുടങ്ങിയ വരികളും ബോർഡിൽ ഉണ്ടായിരുന്നു.
ഐ.പി.സി സെക്ഷൻ 153 ബി, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. തെലങ്കാന രാഷ്ട്ര സമിതി അനുയായികളുടെ സഹായത്തോടെയാണ് പ്രതികൾ ഹോർഡിങ് സ്ഥാപിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജീത് സിങ് ചൗഹാൻ പറഞ്ഞു. അറസ്റ്റിലായവർക്ക് ബോർഡ് സ്ഥാപിക്കാൻ കരാർ നൽകിയത് സായി എന്ന ടി.ആർ.എസ് അനുയായിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പൊലീസ് തിരയുകയാണ്.
ജൂലൈ 2, 3 തീയതികളിൽ ഹൈദരാബാദിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ വേദിക്ക് സമീപമാണ് "ബൈ ബൈ മോദി" ബോർഡ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

