കോൺഗ്രസ് മുസ്‌ലിംകളെ വോട്ട് ബാങ്കായി ദുരുപയോഗം ചെയ്തു; ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി അട്ടിമറി വിജയം നേടും -ബി.വൈ. വിജയേന്ദ്ര
text_fieldsബി.വൈ. വിജയേന്ദ്ര
ബെംഗളൂരു: മുസ്‌ലിം സമുദായത്തെ കേവലം രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസ് ഇത്രയും കാലം ഉപയോഗിക്കുകയായിരുന്നുവെന്ന് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര. ദാവൻഗെരെ സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയേന്ദ്ര. കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന ചർച്ചകൾ മുസ്‌ലിംകൾക്കിടയിൽ ഇപ്പോൾ തന്നെ സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008 മുതൽ കോൺഗ്രസിനെ പിന്തുണക്കുന്ന മണ്ഡലമാണ് ദാവൻഗെരെ സൗത്ത്. എന്നാൽ ഇത്രയും കാലമായിട്ടും അവിടെ വികസനം എത്തിയിട്ടില്ല. ജനങ്ങൾ ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് വിജയേന്ദ്ര പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടിയ അദ്ദേഹം, ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹജ്ജ് ഭവൻ ഉൾപ്പെടെയുള്ള നിരവധി ക്ഷേമ പദ്ധതികൾ ന്യൂനപക്ഷങ്ങൾക്കായി നടപ്പിലാക്കിയിട്ടുണ്ടെന്ന് ഓർമിപ്പിച്ചു. കഴിഞ്ഞ രണ്ടര വർഷമായി സംസ്ഥാനത്തോ ദാവൻഗെരെ ജില്ലയിലോ ഒരു വികസന പ്രവർത്തനവും നടത്താൻ കോൺഗ്രസ് സർക്കാരിന് സാധിച്ചിട്ടില്ല. സ്മാർട്ട് സിറ്റി മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ ബി.ജെ.പി ഭരണകാലത്താണ് നടപ്പിലാക്കിയത്.
ശ്രീനിവാസ് ടി. ദാസകരിയപ്പയാണ് ദാവൻഗെരെ സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി. മണ്ഡലത്തിലെ പാവപ്പെട്ടവരും പിന്നാക്ക വിഭാഗക്കാരും ന്യൂനപക്ഷങ്ങളും ഇത്തവണ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചതായും നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി വിജയത്തിനായി രംഗത്തിറങ്ങിയതായും വിജയേന്ദ്ര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

