നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ; പൊതുഗതാഗതം ആരംഭിച്ചേക്കും
text_fieldsന്യൂഡല്‍ഹി: മെയ് 18ന് ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം തുടങ്ങുമ്പോള്‍ ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ നൽകിയേക്കുമെന്ന് സൂചന. നിബന്ധനകൾക്ക് വിധേയമായി ബസ്, ടാക്സി, ഓട്ടോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ആരംഭിക്കും. ഹോട്ട്സ്പോട്ടുകളിലൊഴികെയുള്ള ഇടങ്ങളിൽ സാധാരണ ജീവിതം പുന:സ്ഥാപിക്കുന്നതിനായിരിക്കും സർക്കാർ മുൻതൂക്കം കൊടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോട്ട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കായിരിക്കും. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ നാലിലൊന്ന് ബസ്, വിമാന സർവീസുകൾ ആരംഭിക്കും. നിയന്ത്രിത തോതിൽ യാത്രാക്കാരെ കയറ്റിക്കൊണ്ട് ടാക്സി, ഓട്ടോ സർവീസുകൾ അനുവദിക്കും. ലോക്കല്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമുണ്ടാകും. പക്ഷെ ബസ്സുകളില്‍ കയറാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും.
അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് വേണമെന്ന നിബന്ധന തുടരും. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ അടുത്തയാഴ്ചയോടെ തുടങ്ങും. ഓണ്‍ലൈന്‍ ഹോം ഡെലിവെറി അനുവദിക്കും. അവശ്യസാധനങ്ങളുടെ മാത്രം ഹോം ഡെലിവറി എന്നതിലും മാറ്റമുണ്ടാകും.
ആന്ധ്രാപ്രദേശ്, കേരളം കർണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇളവുകൾ ആവശ്യപ്പെട്ടിട്ടുള്ളത്. ടൂറിസം മേഖലയുടെ പുനരുജ്ജീവനം കണക്കിലെടുത്ത് മെട്രോ, ലോക്കൽ ട്രെയിൻ, ആഭ്യന്തര വിമാന സർവീസുകൾ എന്നിവ ആരംഭിക്കണമെന്നും ഹോട്ടലുകളും റസ്റ്ററന്‍റുകളും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ പരിഗണിക്കാവുന്നതാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
അതേസമയം, ബിഹാർ, ഝാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ഡൗൺ തുടരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
