ജയ്പുരിൽ ബസ് ഹൈടെൻഷൻ ലൈനിൽ തട്ടി തീപിടിച്ചു, മൂന്ന് പേർ മരിച്ചു ; 15 ദിവസത്തിനിടെ രാജ്യത്തെ അഞ്ചാമത്തെ ബസ് അപകടം
text_fieldsജയ്പൂർ: മനോഹർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ബസിന് തീപിടിച്ചു. തോഡി ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് 11,000 വോൾട്ട് ഹൈടെൻഷൻ ലൈനിൽ തട്ടുകയായിരുന്നു. ശക്തിയായ വൈദ്യുതിപ്രവാഹമേറ്റ ബസിന് തീപിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന തൊഴിലാളികൾക്ക് വൈദ്യുതാഘാതമേറ്റു. ബസിൽ തീപടർന്നതിനെ തുടർന്ന് മൂന്നുപേർ മരിച്ചു. 12 തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
മരിച്ച മൂന്ന് പേരിൽ രണ്ട് പേർ അച്ഛനും മകളുമാണെന്ന് കരുതപ്പെടുന്നു. ബസിന്‍റെ മുകൾ ഭാഗം ഹൈടെൻഷൻ ലൈനിൽ തട്ടിയ ഉടൻ തന്നെ വലിയ സ്‌ഫോടനം ഉണ്ടായതായി സമീപവാസികൾ പറഞ്ഞു. ബസ് പൂർണമായും അഗ്നിക്കിരയായി. അപകടസമയത്ത് ബസിൽ 60 യാത്രക്കാരുണ്ടായിരുന്നു. ഷാപുരയ്ക്ക് ചുറ്റുമുള്ള ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളായിരുന്നു എല്ലാവരും. ദീപാവലി ആഘോഷിച്ച ശേഷം ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് സ്വകാര്യ ബസ് ബുക്ക് ചെയ്ത് ജോലിയിലേക്ക് മടങ്ങുകയായിരുന്നു . വസ്ത്രവും ഭക്ഷണ സാധനങ്ങളും ബസിന്റെ മേൽക്കൂരയിൽ സൂക്ഷിച്ചിരുന്നു.
ഹൈടെൻഷൻ ലൈനിൽ തട്ടി മേൽക്കൂരയിലെ ലഗേജുകൾക്ക് തീപിടിക്കുകയായിരുന്നു. ബസിന് മുകളിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപവാസികളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊള്ളലേറ്റവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസും അഗ്നിരക്ഷാസേനയുമെത്തി തീയണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

