ബുർഖ ധരിച്ച് 'ക്യാറ്റ് വാക്ക്'; സംഘാടകർ മാപ്പ് പറയണമെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
text_fieldsമുസഫർനഗർ: കോളജിലെ ഫാഷൻ ഷോക്ക് ബുർഖ ധരിച്ച് റാംപിൽ ക്യാറ്റ്‍വാക്ക് ചെയ്തതിനെതിരെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. ഇത് ഒരു മതത്തെ അവഹേളിക്കുന്നതും പരമ്പരാഗത വസ്ത്രത്തോടുള്ള അനാദരവാണെന്നും മുസഫർനഗറിലെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കൺവീനർ മൗലാന മുഖറം കാസ്മി പറഞ്ഞു. കോളജ് അധികൃതർ മാപ്പു പറയണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഞായറാഴ്ചയാണ് മുസഫർനഗറിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് കോളജുകളിൽ ഫാഷൻ ഷോ നടന്നത്. ഷോയുടെ ഭാഗമായി 13 വിദ്യാർഥിനികളാണ് ബുർഖ ധരിച്ച് ക്യാറ്റ്‍വാക്ക് നടത്തിയത്. ബോളിവുഡ് നടി മന്ദാകിനിയും ടി.വി ആർട്ടിസ്റ്റ് രാധിക ഗൗതമും ചേർന്നാണ് വിധി നിർണയം നടത്തിയത്.
ഫാഷനുമായി ബന്ധപ്പെട്ടാണ് ഹിജാബ് പ്രദർശിപ്പിച്ചിട്ടുള്ളതെന്നും വിദ്യാർഥികളുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും കോളജ് ഫൈൻ ആർട്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. മനോജ് ധീമാൻ പറഞ്ഞു. പ്രദർശനത്തെ മതവുമായി ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പർദയുടെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ബുർഖക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ടെന്ന് ജംഇയ്യത്തുൽ ഉലമായെ നേതാവ് കാസ്മി പറഞ്ഞു. ഒരു ഫാഷൻ ഷോയിൽ പ്രദർശിപ്പിക്കാനുള്ള ഇനമായി ബുർഖയെ കണക്കാക്കരുതെന്നും വസ്ത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക മൂല്യങ്ങൾക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

