ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച് വിദ്വേഷ പ്രചാരണം നടത്തിയ ബുള്ളി ബായ് ആപ്പ് യൂസറെ ബ്ലോക്ക് ചെയ്തതായി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുടർ നടപടിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
'സുള്ളി ഡീലു'കൾക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിലുള്ള 'ബുള്ളി ബായ്' എന്ന ആപ്പിലൂടെയാണ് വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും വിൽപനക്ക് വെച്ചെന്ന പേരിൽ സംഘപരിവാറിന്‍റെ നേതൃത്വത്തിൽ വിദ്വേഷ പ്രചാരണം നടക്കുന്നത്. ഇതിനെതിരെ ജനപ്രതിനിധികളിൽനിന്ന് ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതും സ്ത്രീകളെ വർഗീയമായി ലക്ഷ്യമിടുന്നതുമായ ഇത്തരം പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശിവസേന എം.പി പ്രിയങ്ക ചതുർവേദിയുടെ ട്വിറ്റർ പോസ്റ്റിൽ മന്ത്രിയെയും ടാഗ് ചെയ്തിരുന്നു. യൂസറെ ബ്ലോക്ക് ചെയ്തതായി ഗിറ്റ്ഹബ് ശനിയാഴ്ച രാവിലെ അറിയിച്ചു.
ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും പൊലീസും വിഷയത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. മന്ത്രിയുടെ ട്വീറ്റിന് നന്ദി പറഞ്ഞ പ്രിയങ്ക ചതുർവേദി, വിഷയത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.