മുംബൈ: 'ബുള്ളി ബായ്' ആപ്പുണ്ടാക്കി മുസ്ലിം സ്ത്രീകളുടെ ഫോട്ടോ പ്രദർശിപ്പിക്കുകയും ലേലത്തിനു വെക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ വിശാൽ കുമാർ ഝാക്ക് കോവിഡ്. രോഗ ലക്ഷണങ്ങളെ തുടർന്ന് തിങ്കളാഴ്ച കോവിഡ് പരിശോധനക്കു വിധേയമാക്കുകയായിരുന്നു. ബാന്ദ്ര മജിസ്ട്രേറ്റ് കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട വിശാലിനെ നഗരസഭയുടെ കീഴിലെ സമ്പർക്കവിലക്ക് കേന്ദ്രത്തിലേക്കു മാറ്റി.
കൂട്ടുപ്രതികളായ ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരുടെ പൊലീസ് കസ്റ്റഡി കോടതി വെള്ളിയാഴ്ച വരെ നീട്ടി. സമ്പർക്കവിലക്ക് കാലാവധി കഴിഞ്ഞാൽ വിശാലിന്റെ കസ്റ്റഡി വീണ്ടും ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. തങ്ങളെ തിരിച്ചറിയാതിരിക്കാൻ മൂവരും 'പ്രോടോൺ മെയിൽ' ഉപയോഗിച്ചാണ് മെയിലുകളയച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.