യു.പിയിൽ 52 നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ; തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ഉറപ്പാക്കാനാണ് നടപടി
text_fieldsലഖ്നൗ: ഉത്തർപ്രദേശിൽ 2027-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷൻ മായാവതി എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ 52 നേതാക്കൾക്ക് 10 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകിയതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും മുൻനിർത്തിയാണ് സർക്കാർ ഈ സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ പ്രചാരണങ്ങളും മുന്നൊരുപ്പുകളും ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. എ.എൻ.ഐ വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ലഭിച്ച വിവരങ്ങൾ അനുസരിച്ച്, സഞ്ജയ് നിഷാദ്, നന്ദ് ഗോപാൽ ഗുപ്ത നന്ദി, ഓം പ്രകാശ് രാജ്ഭർ തുടങ്ങിയ 11 സംസ്ഥാന സർക്കാർ മന്ത്രിമാരും ഈ സുരക്ഷാ മുൻകരുതലിന്റെ പരിധിയിൽ വരുന്നുണ്ട്. കൂടാതെ ബി.ജെ.പി നേതാവ് അപർണ യാദവും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് ഘട്ടങ്ങളായാണ് ജാക്കറ്റുകൾ വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ 8 നേതാക്കൾക്കും രണ്ടാം ഘട്ടത്തിൽ 44 നേതാക്കൾക്കുമാണ് സുരക്ഷാ കവചങ്ങൾ കൈമാറിയത്.
സ്വതന്ത്ര ദേവ് സിങ്, ജയ്വീർ സിങ്, മഹേന്ദ്ര സിങ് തുടങ്ങിയ പ്രമുഖ ബി.ജെ.പി നേതാക്കൾക്കും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉത്തർപ്രദേശിലെ മറ്റ് 98 പ്രമുഖ വ്യക്തികൾക്കും വിവിധ വിഭാഗങ്ങളിലായി സുരക്ഷ നൽകിവരുന്നുണ്ട്. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടയിൽ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ നിലവിൽ മുൻഗണന നൽകുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

