ബുൾഡോസറുകൾ ഡൽഹി ജമാ മസ്ജിദ് പരിസരത്തേക്ക് ?
text_fieldsന്യൂഡൽഹി: തുർക്കുമാൻ ഗേറ്റിന് പിന്നാലെ ജമാ മസ്ജിദ് പ്രദേശത്തും ബുൾഡോസറുകൾ ഉരുളുമെന്ന സൂചന. ജമാ മസ്ജിദിന് ചുറ്റുമുള്ള അനധികൃത കൈയേറ്റങ്ങൾ കണ്ടെത്താൻ ഡൽഹി ഹൈകോടതി ഡൽഹി മുനിസിപ്പൽ കോർപറേഷന് നിർദേശം നൽകി.
രണ്ടുമാസത്തിനകം സർവേ നടപടികൾ പൂർത്തിയാക്കണം. സർവേയിൽ ഏതെങ്കിലും നിയമവിരുദ്ധ നിർമാണ പ്രവർത്തനമോ കൈയേറ്റമോ ദുരുപയോഗമോ കണ്ടെത്തിയാൽ നിയമപ്രകാരം അതൊഴിപ്പിക്കാനുള്ള ഉചിതമായ നടപടി എടുക്കണമെന്നും ഡൽഹി മുനിസിപ്പൽ കോർപറേഷന് ഡൽഹി ഹൈകോടതി നിർദേശം നൽകി.
തുർക്കുമാൻ ഗേറ്റിലെ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദിനോട് ചേർന്ന് വഖഫ് സ്വത്തുക്കളിൽ സ്ഥിതി ചെയ്യുന്ന കമ്യുണിറ്റി സെന്റർ, ഡിസ്പെൻസറി അടക്കമുള്ളവ ഇടിച്ചുനിരത്തിയത് സംഘർഷത്തിനിടയാക്കിയതിന് തൊട്ടുപിന്നാലെയാണ് അനുബന്ധ കേസുമായി ബന്ധപ്പെട്ട ഹൈകോടതിയുടെ പുതിയ ഉത്തരവ്.
ജമാ മസ്ജിദ് പരിസരത്തെ അനധികൃത കൈയേറ്റങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫർഹത് ഹസൻ, മുഹമ്മദ് ശാഹിദ് ഖാൻ, മുഹമ്മദ് ആസിഫ്, അബ്ദുൽ ആമിർ തുടങ്ങി ജമാ മസ്ജിദ് പരിസരത്ത് തന്നെയുള്ളവർ തുടങ്ങിവെച്ച നിയമനടപടിയാണ് ബുൾഡോസറിലേക്ക് നീങ്ങുന്നത്. ജമാമസ്ജിദ് പരിസരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹേമന്ദ് ചൗധരി എന്ന അഭിഭാഷകൻ മുഖേന ഇവർ സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
അനധികൃത നിർമാണമെന്നും കൈയേറ്റമെന്നും പറഞ്ഞ് അഭിഭാഷകൻ തന്റെ ഹരജിക്കൊപ്പം സമർപ്പിച്ച ചിത്രങ്ങളിൽനിന്ന് കോടതിക്ക് അഭിപ്രായം രൂപവത്കരിക്കാൻ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് സർവേ നടത്താൻ നിർദേശിക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദേശീയ പ്രാധാന്യമുള്ള ചരിത്ര സ്മാരകവും പൈതൃകവുമായ ശാഹി ജമാ മസ്ജിദ് അനിയന്ത്രിതമായ വാണിജ്യ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം പ്രയാസം നേരിടുന്നുണ്ടെന്നാണ് ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചത്.
ഹരിതാഭമായിരുന്ന ജമാ മസ്ജിദ് പരിസരം നിലവിലെ ഇമാം സയ്യിദ് അഹ്മദ് ബുഖാരിയും അദ്ദേഹത്തിന്റെ ബന്ധുക്കളും ചേർന്ന് സ്വകാര്യ വീടുകളും കൃഷിയിടങ്ങളുമാക്കി മാറ്റിയെന്നും ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ ഹോർട്ടികൾച്ചർ വകുപ്പിന്റെ പൊതുജനങ്ങൾക്കുള്ള പാർക്ക് ഇത്തരത്തിൽ കൈയേറിയെന്നും ഹരജിയിൽ ആരോപിച്ചു. ഹോർട്ടികൾച്ചർ വകുപ്പ് ഭൂമി ഇത്തരത്തിൽ വിട്ടുകൊടുത്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയുണ്ടെന്നും ഹരജിക്കാർ ബോധിപ്പിച്ചു.
ഇമാമും അദ്ദേഹത്തിന്റെ കൂട്ടാളികളും ജമാ മസ്ജിദിനെ സ്വകാര്യ വരുമാന മാർഗമാക്കി മാറ്റിയെന്നും മതപരമായ പവിത്രത കളഞ്ഞുവെന്നും ശാഹി ഇമാമിന്റെ ഉടമസ്ഥതയിലുള്ള ‘ഗുംബഡ് കഫെ’ അത്തരത്തിലുള്ള ഒന്നാണെന്നും ജമാ മസ്ജിദിന്റെ മൂന്ന്, അഞ്ച്, ഏഴ് ഗേറ്റുകൾ അനധികൃത പാർക്കിങ്ങിനായി കൊടുത്ത് ഇമാമും കുടുംബവും ലക്ഷങ്ങളുണ്ടാക്കുന്നുവെന്നും ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

