സംഭലിൽ വീണ്ടും ബുൾഡോസർ മുരൾച്ച; മുസ്‍ലിം പള്ളിയോടനുബന്ധിച്ച കെട്ടിടം പൊളിച്ചു നീക്കി; നാലു ദിവസത്തിനകം പള്ളിയും പൊളിക്കും
text_fieldsലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ ചെറിയ ഇടവേളക്കുശേഷം വീണ്ടും ബുൾഡോസറുകളുടെ മുരൾച്ച. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങൾക്കെതിരായ നടപടിയെന്നു പറഞ്ഞ് മുസ്‍ലിം പള്ളിയോടനുബന്ധിച്ച കെട്ടിടം പൊളിച്ചു നീക്കി. ഇതൊരു വിവാഹ ഹാൾ ആണെന്നാണ് റിപ്പോർട്ട്. പള്ളിയുടെ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഭ്യർഥനയെത്തുടർന്ന് ജില്ല ഭരണകൂടം പള്ളി നീക്കം ചെയ്യുന്നത് നാലു ദിവസത്തേക്ക് നീട്ടിവെച്ചു. എന്നാൽ, നിശ്ചയിച്ച സമയത്തിനകം പള്ളിയും പൊളിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊളിക്കൽ സമയത്ത് ഡ്രോൺ നിരീക്ഷണവും കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് എസ്.പി കൃഷൻ കുമാർ ബിഷ്‌ണോയ് പറഞ്ഞു. നാല് ജെ.സി.ബി മെഷീനുകൾ സ്ഥലത്തെത്തിച്ചു. ഒന്നിലധികം സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും അർധസൈനിക വിഭാഗങ്ങളും പ്രദേശത്ത് തമ്പടിച്ചു. മുന്നോടിയായി പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. ബുൾഡോസറുകൾ നീങ്ങവെ പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദേശിച്ചു. പൊതുഭൂമിയിലെ അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് മുസ്‍ലിം ആരാധനാലയങ്ങൾക്കെതിരെ യു.പി സർക്കാർ നടത്തുന്ന തുടർച്ചയായ നടപടികളുടെ പരമ്പരയിലെ ഒടുവിലത്തേതാണിപ്പോൾ നടക്കുന്നത്.
2024 ലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് ഒരു ജുഡീഷ്യൽ കമീഷൻ കഴിഞ്ഞ മാസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപിച്ച കണ്ടെത്തലുകൾ സംഭലിലെ മുസ്ലിം പുരോഹിതന്മാർ തള്ളിക്കളഞ്ഞിരുന്നു. ജില്ലയുമായി ബന്ധപ്പെട്ട ജനസംഖ്യാപരവും സുരക്ഷാപരവുമായ അധികൃതരുടെ വിലയിരുത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവർ ആരോപിച്ചു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം സംഭലിൽ ഉണ്ടായ ജനസംഖ്യാപരമായ മാറ്റത്തെ എടുത്തുകാണിച്ചുകൊണ്ടാണ് 450 പേജുള്ള കമീഷൻ റിപ്പോർട്ട്. 1947ൽ 45 ശതമാനത്തോളമായിരുന്നു ഹിന്ദു ജനസംഖ്യയിൽ ഇന്ന് ഏകദേശം 15 മുതൽ 20 ശതമാനം വരെ കുറവുണ്ടായതായി ഇത് അവകാശപ്പെട്ടു. ഈ മാറ്റങ്ങളെ ആവർത്തിച്ചുള്ള വർഗീയ കലാപങ്ങളുമായും രാഷ്ട്രീയ പ്രീണനവുമായും കമീഷൻ ബന്ധിപ്പിച്ചു.
എന്നാൽ, സംഭലിലെ മുസ്‍ലിം ജനസംഖ്യ 85 ശതമാനമാണെന്ന അധികൃതരുടെ വാദത്തെ മുസ്ലിം പുരോഹിതന്മാർ എതിർത്തു. ഇവിടെ വലിയ വികസനമോ തൊഴിലവസരങ്ങളിൽ വർധനവോ ഉണ്ടായിട്ടില്ല അതിനാൽ മുസ്‍ലിം ജനസംഖ്യ വർധിക്കുകയോ കുറയുകയോ ചെയ്തിട്ടില്ലെന്ന് ഡാറ്റയുടെ കൃത്യതയെയും പ്രാദേശിക വിവരണങ്ങളിൽ അതിന്റെ സ്വാധീനത്തെയും ചോദ്യം ചെയ്തുകൊണ്ട് ഒരു പുരോഹിതൻ പറഞ്ഞു.
1947 മുതൽ 15 വർഗീയ കലാപങ്ങളും പാനൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 2024 നവംബർ അവസാനത്തിൽ ഷാഹി ജുമാ മസ്ജിദിൽ കോടതി നിർദേശിച്ച സർവേയെത്തുടർന്നുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളും ഉൾപ്പെടുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ നുഴഞ്ഞുകയറ്റം, വിദേശ നിർമിത ആയുധങ്ങളുടെ ഉപയോഗം തുടങ്ങിയ ആശങ്കകൾ റിപ്പോർട്ടിൽ പരാമർശിക്കുകയും ഒരു ക്ഷേത്രത്തിന്റേതാണെന്ന് കരുതുന്ന അടിത്തറകൾ കുഴിച്ചെടുത്തതായും പറയുന്നു.
‘ജനസംഖ്യാശാസ്ത്രം മാറ്റാൻ ഇരട്ട എൻജിൻ സർക്കാർ അനുവദിക്കില്ലെന്നും ആരും സ്വയം പോകാൻ നിർബന്ധിതരാകുമെന്നും’ കണ്ടെത്തലുകൾ ഉദ്ദരിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് നിലവിൽ റിപ്പോർട്ട് അവലോകനം ചെയ്യുകയാണെന്നും സുരക്ഷാ നടപടികൾക്കായുള്ള പദ്ധതികൾ മന്ത്രിസഭക്കും നിയമസഭക്കും മുന്നിൽ അവതരിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

