‘അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും പൊളിക്കരുത്’; ബുൾഡോസർരാജിന് തടയിട്ട് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: രാജ്യത്ത് ബുൾഡോസർരാജിന് താൽക്കാലികമായി തടയിട്ട് സുപ്രീം കോടതി. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിക്കരുതെന്നാണ് മുന്നറിയിപ്പ്. അതേസമയം, പൊതുറോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ല. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ബുൾഡോസർരാജിനെതിരായ ഹരജികൾ ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും. ഇതുവരെയാണ് ബുൾഡോസർരാജ് വിലക്കിയിരിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും കൈയേറ്റവും ആരോപിച്ച് വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കൽ തുടർക്കഥയായതോടെയാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. നേരത്തെ വിഷയം പരിഗണിച്ചപ്പോഴും സുപ്രീം കോടതി സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കലുകൾ നല്ലതല്ലെന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ദൂലിയ, എസ്.വി.എൻ ഭാട്ടി എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിരീക്ഷിച്ചത്. രാജ്യത്തിന്റെ നിയമങ്ങൾക്ക് നേരെയാണ് ബുൾഡോസർ ഓടിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമം അനുസരിച്ച് വേണം രാജ്യത്ത് സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കാൻ. കുടുംബത്തിലെ ഒരാൾ കുറ്റം ചെയ്താൽ എല്ലാവർക്കുമെതിരെ നടപടിയെടുക്കാനാവില്ല. നിയമപരമായി നിർമിച്ച കെട്ടിടം പൊളിക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

