‘യെലഹങ്ക ബുൾഡോസർ രാജ്’: ഇരകൾക്ക് പുനരധിവാസമെന്ന് മുസ്‍ലിം ലീഗിന് സിദ്ധരാമയ്യയുടെ ഉറപ്പ്
text_fieldsബംഗളൂരു ഇലഹങ്കയിലെ ഇരകൾക്ക് പുനരധിവാസം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടപ്പോൾ
ബംഗളൂരു: യെലഹങ്കയിലെ ഇരു നൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയതായി മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് പ്രതിനിധി സംഘവുമായി ബംഗളുരുവിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പാക്കേജിന്റെ അന്തിമ രൂപം വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞു. സംഭവത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യ സ്നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ കർണാടക ശ്രദ്ധയിൽ പെടുത്തി. വളരെ വേഗത്തിൽ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, ദേശീയ സമിതി അംഗം സിദ്ദിഖ് തങ്ങൾ ബാംഗ്ളൂർ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ന്യുനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി മുനീർ കൂടെയുണ്ടായിരുന്നു.
മുഖ്യമന്ത്രി നിർദേശ പ്രകാരം കർണാടക ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാനും ലീഗ് നേതൃ സംഘത്തോടൊപ്പം സംഭവ സ്ഥലമായ ഫകീർ കോളനി സന്ദർശിച്ചു. വീട് നഷ്ടമായ ഇരകളെ കണ്ടു വിശദംശങ്ങൾ മനസിലാക്കിയ നേതാക്കൾ ദിവസങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ബംഗളുരു കെ.എം.സി.സി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു.
ഇരകൾക്ക് പുനരധിവാസത്തിനുള്ള കൃത്യമായ പാക്കേജ് നടപ്പാക്കുന്നത് വരെ ഇവർക്ക് എല്ലാം പിന്തുണയും നൽകുമെന്നു സി.കെ സുബൈർ അറിയിച്ചു. കർണാടക സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബെഗ്, ബംഗളുരു ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ദസ്തഗീർ ബൈഗ്, വൈസ് പ്രസിഡന്റ് സിയാവുല്ല അനേകൽ,എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ്ദീൻ നദ്‌വി ബംഗാളുരു കെ എം സി സി നേതാക്കളായ മൊയ്‌ദു മാണിയൂർ, ടി സി മുനീർ, അനീസ് മുഹമ്മദ് എന്നിവരും നേതാക്കളെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

