ബുലന്ദ് ശഹർ കലാപത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന -ഡി.ജി.പി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബുലന്ദ് ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ നടത്തിയ കലാപവും പൊലീസ് ഇൻസ്പെക്ടറുടെ കൊലപ ാതകവും ആസൂത്രിതമെന്ന് ഡി.ജി.പി ഒ.പി സിങ്. ബുലന്ദ് ശഹറിലുണ്ടായത് ക്രമസമാധാന പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.
കലാപത്തിന്‍റെ സമയവും പരിശോധിക്കുന്നുണ്ട്. ഡിസംബർ ആറ് ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്‍റെ വാർഷികവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

ഗോരക്ഷ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിലും ദേശീയ മനുഷ്യവകാശ കമിഷന്‍ യുപി പൊലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്. കലാപം ഗൂഢാലോചനയാണെന്നതിന് സാഹചര്യത്തെളിവുകൾ ഏറെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബജ്റംഗ്ദള്‍ ജില്ല നേതാവ് യോഗേഷ് രാജ് അടക്കം നാലു സംഘ്പരിവാറുകാർ അറസ്റ്റിലായിട്ടുണ്ട്. ബി.ജെ.പി, ബജ്റംഗ്ദള്‍, വി.എച്ച്.പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് കലാപത്തിന് പിന്നിൽ.
ബുലന്ദ്ശഹറിലെ സ്യാന പൊലീസ് സ്റ്റേഷൻ ഹൗസ് ഒാഫിസറായ സുബോധ്കുമാറിെൻറ ഇടതുകണ്ണിന് സമീപം വെടിയേറ്റതിനു പുറമെ മറ്റൊരു മുറിവും ഉണ്ട്. കല്ലേറിൽ ഗുരുതര പരിക്കേറ്റ സിങ്ങിനു നേരെ അക്രമികൾ നിറെയാഴിക്കുകയായിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2015ൽ ദാദ്രിയില്‍ ഗോ രക്ഷക ഗുണ്ടകൾ അഖ്‌ലാഖ് എന്നയാളെ തല്ലിക്കൊന്ന കേസിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചതിൽ സുബോധ് സിങ് ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു.

യോഗേഷ് രാജിന് പുറമെ വി.എച്ച്.പി നേതാവ് ഉപേന്ദ്ര യാദവ്, യുവമോർച്ച അംഗമായ ശിഖര്‍ അഗര്‍വാള്‍ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുകൾ ഉടന്‍ ഉണ്ടാകും. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പൊലീസ് ഇൻസ്പെക്ടർക്ക് പുറമെ 22കാരനായ സുമിത് സിങ്ങും സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.
മാഹവ് ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് തിങ്കളാഴ്ച 20ഒാളം കാലികളുടെ ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഘർഷം പടർന്നത്. പശുവിനെ അറുത്തതായി പ്രചാരണം നടത്തി ഹിന്ദുത്വവാദികൾ സംഘടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ആദ്യമെത്തിയ സർക്കാർ ഉദ്യോഗസ്ഥനായ തഹസിൽദാർ രാജ്കുമാർ ഭാസ്കർ പറയുന്നത് പ്രദേശത്ത് ഇത്തരമൊരു ഗോഹത്യക്ക് ഒരു സാധ്യതയുമില്ലെന്നാണ്. കരിമ്പിൻതോട്ടത്തിൽ ചത്ത പശുവിനെ കെട്ടിത്തൂക്കി പ്രദർശിപ്പിച്ചതാണ് കണ്ടത്. അയയിൽ തുണി തൂക്കിയ മട്ടിൽ തലയും തുകലും പ്രദർശിപ്പിച്ചിരുന്നു. നിമിഷനേരം കൊണ്ട് ഹിന്ദുത്വവാദികൾ സ്ഥലത്ത് ഇരച്ചെത്തി. കാലിയുടെ ജഡം ട്രാക്റ്ററിൽ കയറ്റിയുള്ള യാത്രക്കിടെ കലാപം തുടങ്ങി. നേരത്തേ സംഘടിച്ചുനിന്നെന്ന മട്ടിലായിരുന്നു ഇവരുടെ പ്രവൃത്തികൾ.

10 ലക്ഷം തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ പെങ്കടുക്കുന്ന പ്രാർഥന ചടങ്ങ് ബുലന്ദ് ശഹറിൽ നടക്കുന്ന ദിവസമാണ് കലാപം അഴിച്ചുവിട്ടത്. ഇവർ യാത്രചെയ്യുന്ന സംസ്ഥാന പാതയിലാണ് അക്രമികൾ അഴിഞ്ഞാടിയത്. ഇതറിഞ്ഞാണ് സുബോധ്കുമാർ സിങ്ങിെൻറ നേതൃത്വത്തിൽ പൊലീസ് എത്തിയത്. പ്രതിഷേധക്കാരുമായി പൊലീസ് സംസാരിക്കുന്നതിനിടെ ശക്തമായ കല്ലേറുണ്ടായി. വാഹനങ്ങൾ കത്തിച്ചു. വെടിവെപ്പുമുണ്ടായി. ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിെൻറ പരാതിയിൽ കണ്ടാലറിയാവുന്ന അറവുകാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസും വെടിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
