ബുലന്ദ് ശഹറിൽ കണ്ട കാഴ്ചകൾക്കു പിന്നിലെന്ത്?
text_fieldsലഖ്നോ: തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഉത്തർപ്രദേശിലെ സിയാന കോട്വാലിയിലെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാറിന് ഒരു ഫോൺകാൾ വന്നു. മാഹബ് ഗ്രാമത്തിെൻറ മുൻ തലവൻ ആണ് വിളിച്ചത്.
പാടത്ത് ഒരു പശുവിെൻറ ജഡമുണ്ടെന്ന വിവരമാണ് അയാൾ പറഞ്ഞത്. സിയാനയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് സുബോധ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം എത്തു. അവിടെ, മൂന്ന് മൃഗങ്ങളുടെ അവശേഷിപ്പുകൾ അദ്ദേഹം കണ്ടു. എന്നാൽ, അത് പശുവിെൻറ ജഡ ഭാഗങ്ങളാണോ എന്ന് ഉറപ്പിക്കാനായില്ല. അവിടെ ബജ്റംഗ്ദൾ പ്രവർത്തകർ തമ്പടിച്ചിരുന്നു. സമീപത്തെ കാട്ടിൽ തങ്ങൾ രാത്രി തിരച്ചിൽ നടത്തിയെന്നും പശുവിെൻറ ശരീരഭാഗം അവിടെ കണ്ടുവെന്നും അവർ പറഞ്ഞു. ബജ്റംഗ്ദൾ ജില്ല കൺവീനർ േയാഗേഷ് രാജും കാട്ടിൽ തിരച്ചിൽ നടത്തിയവരിലുണ്ടായിരുന്നു. ഇയാളാണ് മുൻ ഗ്രാമമുഖ്യനെ വിവരം അറിയിക്കുന്നത്. അതുവഴിയാണ് പൊലീസും അറിയുന്നത്.
രാത്രിതന്നെ ഗോഹത്യ വിവരം അറിഞ്ഞെങ്കിൽ, ബജ്റംഗ്ദളുകാർ എന്തുകൊണ്ട് ഇൗ വിവരം അപ്പോൾ പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യമാണ് അധികൃതർ ഉന്നയിക്കുന്നത്. പൊലീസ് എത്തിയതോടെ, ബജ്റംഗ്ദളുകാർ സമീപഗ്രാമങ്ങളിൽനിന്ന് ആളെക്കൂട്ടി അക്രമം തുടങ്ങുകയായിരുന്നു. ജഡഭാഗങ്ങൾ ട്രാക്ടറിലാക്കി സിയനയിലേക്കുള്ള പ്രധാന റോഡ് ബജ്റംഗ്ദളുകാർ ഉപരോധിക്കുകയും ചെയ്തു. ഗോഹത്യക്ക് കണ്ടാലറിയുന്ന അറവുകാർക്കെതിരെ കേസെടുത്തെന്ന് െപാലീസ് അറിയിച്ചിട്ടും ജനം ശാന്തരായില്ല.
ജഡഭാഗം പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതോടെ ജനക്കൂട്ടം കല്ലേറു തുടങ്ങി. പൊലീസ് ആകാശത്തേക്ക് വെടിവെച്ചപ്പോൾ അക്രമികൾ പൊലീസിനു നേരെ വെടിയുതിർത്തു. തുടർന്ന് പൊലീസ് ആത്മരക്ഷാർഥം സ്ഥലം വിടുകയായിരുന്നു. ജനക്കൂട്ടത്തിൽ ചിലർ തങ്ങൾ പറയുന്നത് അനുസരിക്കാൻ തയാറായിരുന്നെങ്കിലും, മറ്റുചിലർ അക്രമത്തിനായി ശഠിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചിലരുടെ നിർദേശങ്ങൾ ശിരസ്സാവഹിക്കുന്ന പോലെയായിരുന്നു അവരുടെ പ്രതികരണം. പൊലീസ് പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ചിട്ടും അക്രമത്തിന് മുതിർന്നത് എന്തിനാണ് എന്ന ചോദ്യം ഉയരുകയാണ്. തബ്ലീഗെ ജമാഅത്തിെൻറ പരിപാടി (ഇജ്ത്തിമാഅ്) 45 കിേലാമീറ്റർ അകലെ നടക്കുന്നുണ്ടായിരുന്നു. ഇത് അട്ടിമറിക്കാനാണോ അക്രമികൾ ലക്ഷ്യമിട്ടതെന്നും ചിലർ സംശയമുന്നയിക്കുന്നു.
ബുലന്ദ് ശഹർ ജില്ലയിലെ വലിയ പട്ടണങ്ങളിലൊന്നായ സിയാന മതമൈത്രിയുടെ പാരമ്പര്യമുള്ളതാണ്. ഹിന്ദു,മുസ്ലിം ജനസംഖ്യ 60:40 അനുപാതത്തിലാണ്. ഇജ്ത്തിമാഇന് ഇവിടത്തെ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചുപോകുന്ന പതിവുണ്ട്. ഇൗ പരിപാടിക്ക് തിരിക്കുന്ന മുസ്ലിംകൾക്ക് ഹിന്ദുക്കൾ ഭക്ഷണവും ഒരുക്കിയിരുന്നു. കൻവാർ യാത്രയിൽ പെങ്കടുത്ത ഹിന്ദുക്കൾക്ക് മുമ്പ് മുസ്ലിംകളും ഭക്ഷണമൊരുക്കിയിരുന്നു. സിയാനയുടെ ചരിത്രത്തിൽ വർഗീയ കലാപം ഉണ്ടായിേട്ടയില്ല. ഇൗയിടെ ഇവിടെ രാംലീല നടത്തിയത് മുസ്ലിംകളും ഹിന്ദുക്കളും ചേർന്നാണ്. ഇജ്തിമാഇന് പോകുന്ന മുസ്ലിംകൾക്ക് നമസ്കാര സൗകര്യത്തിനായി ബുലന്ദ് ശഹറിലെ ശിവക്ഷേത്രം പോലും തുറന്നുകൊടുത്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നിട്ടും ആരുടെ താൽപര്യപ്രകാരമായിരുന്നു ഇൗ കലാപമെന്ന ചോദ്യമാണ് ഉയരുന്നത്. ദിൽനവാസ് ഖാനായിരുന്നു കഴിഞ്ഞ തവണ ഇവിടെ നിന്ന് നിയമസഭയിലേക്ക് ജയിച്ചത്. ഇത്തവണ ബി.ജെ.പിയുടെ ദേവേന്ദ്ര് സിങ് ലോധിയാണ് എം.എൽ.എ. ഇൗ വിജയത്തോടെയാണ് വർഗീയചിന്ത ജനങ്ങൾക്കിടയിൽ വ്യാപകമായതെന്ന് പ്രദേശവാസികൾ പറയുന്നു.