കർഷകർ തെരുവിൽ, മോദി കൊട്ടാരം പണിയുന്നു -കോൺഗ്രസ്, തറക്കല്ലിടലിന് പ്രതിപക്ഷമില്ല
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ പുതിയ പാർലമെൻറിന് തറക്കല്ലിടുന്ന ചടങ്ങിന് പ്രതിപക്ഷ പങ്കാളിത്തം ഉണ്ടായില്ല. പ്രതിസന്ധിയുടെ കാലത്ത് ആർഭാട നിർമാണം നടത്തി ചരിത്രപുരുഷനാകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോഹമാണ് തിടുക്കത്തിലുള്ള നിർമാണ നീക്കങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അന്നദാതാക്കളായ കർഷകർ 16 ദിവസമായി തെരുവിൽ ജീവനോപാധി സംരക്ഷിക്കാൻ പോരാട്ടം നടത്തുേമ്പാൾ സെൻട്രൽ വിസ്തയുടെ പേരിൽ തനിക്ക് കൊട്ടാരം പണിയുകയാണ് മോദി ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു. സ്വന്തം ഇഷ്ടങ്ങൾ നടപ്പാക്കാനുള്ളതല്ല, പൊതുസേവനത്തിനുള്ള മാർഗമാണ് അധികാരമെന്ന് മോദി തിരിച്ചറിയണം. പാർലമെെൻറന്നാൽ കല്ലും സിമൻറുമല്ല, ജനാധിപത്യത്തെയും സഹിഷ്ണുതയെയും 130 കോടി ജനങ്ങളുടെ അഭിലാഷത്തെയുമാണ് അതു വിഭാവനം ചെയ്യുന്നത്.
ആത്മനിർഭർ പാർലമെൻറിന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെൻറഗണിനു സമാനമായ രൂപകൽപനയാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. പെൻറഗൺ മാതൃകയിലാക്കിയത് ആകസ്മികമാണോ, ബോധപൂർവമണോ എന്ന് കോൺഗ്രസിലെ മനീഷ് തിവാരി ചോദിച്ചു.
ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ധാർമിക പ്രഭാഷണം നടത്തിയ മോദി, രാജ്യത്ത് ജനാധിപത്യം നിഷ്കരുണം തകർക്കുകയും വിമതശബ്ദങ്ങളെ അടിച്ചമർത്തുകയുമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. സുപ്രീംകോടതി വിമർശനം വിലയ്ക്ക് എടുക്കാതെ സർക്കാർ മുന്നോട്ടു പോയതിനെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദ്യം ചെയ്തു. ഒന്നുകിൽ സുപ്രീംകോടതിയുടെ വരാനിരിക്കുന്ന തീരുമാനത്തെക്കുറിച്ച് സർക്കാറിന് നല്ല വിശ്വാസമുണ്ട്, അതല്ലെങ്കിൽ തികഞ്ഞ നിരുത്തരവാദിത്തമാണ് സർക്കാർ കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

