ഗ്വാളിയർ: അയോധ്യയില്‍ രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നതോടെ കോവിഡ് 19 മഹാമാരി അവസാനിക്കുമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് നിയമസഭ പ്രോടേം സ്പീക്കറുമായ രാമേശ്വര്‍ ശര്‍മ്മ. ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുക. രാമക്ഷേത്രത്തിെൻറ നിർമാണം തുടങ്ങുന്നതോടെ കൊറോണ വൈറസിെൻറ അവസാനത്തിന് തുടക്കമാകുമെന്ന് രാമേശ്വര്‍ ശര്‍മ്മ ഗ്വാളിയറിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘ഇന്ത്യയെ മാത്രമല്ല ലോകം മുഴുവനെയും കൊറോണ വൈറസ് അലട്ടുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം ദൈവങ്ങളെയും നാം മുറുകെപ്പിടിക്കുന്നു. ദുഷ്ടശക്തികളെ നശിപ്പിക്കാനും മനുഷ്യവംശത്തിെൻറ രക്ഷക്കുമാണ് ശ്രീരാമന്‍ അവതാരമെടുത്തത്. രാമക്ഷേത്രത്തിെൻറ നിർമാണം തുടങ്ങുന്ന മുറയ്ക്ക് കൊറോണ വൈറസിനും അന്ത്യമാകും’ - രാമേശ്വര്‍ ശര്‍മ്മ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായും ശർമ്മ രംഗത്തെത്തി. ‘ഞാൻ പറഞ്ഞത് അങ്ങിനെയല്ല. നമ്മൾ അദൃശ്യനായ ഒരു രോഗത്തെയാണ് ഇപ്പോൾ എതിരിടുന്നത്. ഈ സാഹചര്യത്തിൽ നമുക്ക് ദൈവത്തിൽ ആശ്രയിക്കാനേ കഴിയൂ. ഇതിനൊരു മരുന്ന് കണ്ടെത്തിയില്ല. അതുകൊണ്ട് ദൈവം നമ്മുടെ പ്രാർഥനകൾ സഫലമാക്കുമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇപ്പോൾ ദൈവത്തിനായി ഒരു മന്ദിരം നിർമിക്കേണ്ടത് അനിവാര്യമാണ്. അത് സാധ്യമാകുേമ്പാൾ ദുരന്തങ്ങളും കൊറോണ പോലുള്ള മാരക രോഗങ്ങളും ഇല്ലാതാകും’- രാമേശ്വർ ശർമ്മ പറഞ്ഞു.