ദുരന്തമുഖത്ത് സൈന്യത്തിന്റെ ധീരരക്ഷാ പ്രവർത്തനം; തകർന്ന കെട്ടിടത്തിൽ നിന്നും ഹെലികോപ്റ്ററിൽ രക്ഷിച്ചത് 25 ജീവൻ -ഞെട്ടിപ്പിക്കുന്ന വിഡിയോ
text_fieldsപത്താൻകോട്ടിലെ പ്രളയ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം
പത്താൻകോട്ട്: കരകവിഞ്ഞൊഴുകിയ നദിക്കും പ്രളയജലത്തിനുമടിയിൽ ഒറ്റപ്പെട്ട പഴഞ്ചൻ ഇരു നില കെട്ടിടം. ഏതു നിമിഷവും തകർന്നു വീഴാവുന്ന കെട്ടിത്തിൽ 22 സി.ആർ.പി.എഫ് ജവാൻമാർ ഉൾപ്പെടെ 25 മനുഷ്യ ജീവനുകൾ. കുത്തിയൊഴുകുന്ന പ്രളയ ജലത്തിൽ കാല് കുത്താൻ പോലുമാകാത്തതിനാൽ കെട്ടിടത്തിൽ കുടുങ്ങിയവർ ഏത് നിമിഷവും തേടിയെത്താവുന്ന മരണവും കാത്തിരുന്നു നിമിഷം.
ഈ സമയമാണ് സിനിമയിലെന്ന പോലെ സൈനിക ഹെലികോപ്റ്റർ ആ പഴഞ്ചൻ കെട്ടിടത്തിന് മുകളിൽ പതിയെ പറന്നിറങ്ങിയത്. ദുരന്തമുഖത്ത് ആരും ഏറ്റെടുക്കാൻ ഭയക്കുന്ന രക്ഷാ ദൗത്യം നടത്തി, കെട്ടിടത്തിലെ ജവാൻമാരെയും സിവിലിയൻമാരെയും രക്ഷപ്പെടുത്തി ഹെലികോപ്റ്റർ തിരികെ പറന്നു. ഏതാനും മിനിറ്റുകൾക്കകം കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ഇരു നില കെട്ടിടത്തിന്റെ പകുതിയും കൂപ്പുകുത്തി വീണു. ശേഷിച്ചവരെ രക്ഷിക്കാനായി ഹെലികോപ്റ്റർ തിരികെയെത്തുന്ന നിമിഷമായിരുന്നു ഈ തകർച്ച. പതറാതെ അവശേഷിച്ച ഭാഗത്ത് കോപ്റ്റർ താഴ്ന്നു നിന്ന ശേഷം, അവസാനത്തെ ആളെയും സുരക്ഷിതമായി കയറ്റി എല്ലാവരെയും പുറത്തെത്തിച്ച ശേഷം മാത്രമേ രക്ഷാ ദൗത്യം പൂർത്തിയാക്കിയുള്ളൂ. ദുർഘടമായ ദുരന്തമുഖത്തെ ഞെട്ടിപ്പിക്കുന്ന രക്ഷാ ദൗത്യവും തുടർന്നുള്ള കാഴ്ചകളും ഇന്ത്യൻ ആർമി തന്നെയാണ് സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവെച്ചത്.
ശക്തമായ മഴപെയ്യുന്ന പഞ്ചാബിൽ പത്താൻ കോട്ടിലെ മധോപൂരിലെ രവി നദിക്കരയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. കനത്ത മഴയെ തുടർന്ന് രഞ്ജിത് സാഗർ ഡാം തുറന്നുവിട്ടതിനെ തുടർന്ന് ഉജ്, ജലാലിയൻ, രവി നദികൾ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും മറ്റും വെള്ളത്തിലായ പ്രദേശത്തായിരുന്നു സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തിയത്.
ഏറ്റവും ദുർഘകമായ രക്ഷാ പ്രവർത്തനമാണ് സൈന്യം പൂർത്തിയാക്കിയതെന്ന് ഇന്ത്യൻ ആർമി അറിയിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ ജവാൻമാരെയും സൈനികരെയും സാഹസിക ദൗത്യത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം കെട്ടിടം തകർന്നു വീഴുകയായിരുന്നു. സ്വന്തം ജീവൻപോലും മറന്നായിരുന്നു സൈനിക ഹെലികോപ്റ്ററിന്റെ രക്ഷാ ദൗത്യം. മികച്ച പരിചയ സമ്പത്തും, അപകടസാഹചര്യത്തിൽ ഹെലികോപ്റ്റർ പറത്താനുള്ള ശേഷിയും ധൈര്യവും കൈമുതലാക്കിയായിരുന്നു സൈന്യം ദൗത്യ നിർവഹിച്ചതെന്നും ഇന്ത്യൻ ആർമി അഡീഷനൽ ഡയറക്ടർ ജനറൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

