സ്‍ഥാപിച്ച് മണിക്കൂറുകൾക്കകം ഒഡിഷയിൽ ബുദ്ധ പ്രതിമ തകർത്തു
text_fieldsഭുവനേശ്വർ: ഒഡിഷയിലെ റായഗഡ ജില്ലയിൽ സ്ഥാപിച്ച് മണിക്കൂറുകൾക്കകം ബുദ്ധന്റെ പ്രതിമ അജ്ഞാത സംഘം തകർത്തു. തിങ്കളാഴ്ച രാവിലെ പ്രതിമ റോഡിൽ തകർന്നുവീണ നിലയിൽ പ്രദേശവാസികൾ ആണ് കണ്ടത്. ഭുവനേശ്വറിൽ നിന്നും 500 കിലോമീറ്റർ അകലെ തമ്പാർഗുഡ ഗ്രാമത്തിൽ ആണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പ്രതിമ അവിടെ സ്ഥാപിച്ചത്. പ്രദേശവാസികളും ഭഗത് സിങ് അസോസിയേഷനും നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് കേസ് എടുത്തു. തിങ്കളാഴ്ചത്തെ ബുദ്ധപൂർണിമ ആഘോഷങ്ങളുടെ ഭാഗമായാണ് ഗ്രാമത്തിലെ മലമുകളിൽ മൂന്നടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്.
‘സമാധാനത്തിന്റെ പ്രതീകമാണ് ബുദ്ധ ദേവൻ. പ്രതിമക്കൊപ്പം ശബ്ദ സംവിധാനവും ഒരുക്കിയിരുന്നു. എന്നാൽ, അജ്ഞാതർ വന്ന് അത് നശിപ്പിച്ചുവെന്നും’ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയിലെ അംഗമായ അഭിഭാഷകൻ അഭി പാലക് പറഞ്ഞു. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും മതവിശ്വാസത്തെ അപകീർത്തിപ്പെടുത്താനും സാമൂഹിക സൗഹാർദം ഇല്ലാതാക്കാനും വളരെ ആസൂത്രിതമായി ചെയ്തതാണെന്നും പാലക് പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കാളികളെന്ന് സംശയിക്കുന്ന ഏഴാളുകളുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവർ പ്രതിമ നശിപ്പിക്കുക മാത്രമല്ല, വെങ്കലത്തിൽ തീർത്ത പ്രതിമയുടെ ഒരു കാൽ മോഷ്ടിച്ചുവെന്നും അനുബന്ധമായി സ്ഥാപിച്ചിരുന്ന ശബ്ദ സംവിധാനവും കടത്തിക്കൊണ്ടുപോയെന്നും പാലക് പറഞ്ഞു. കുറ്റവാളികളെ പിടികൂടാൻ പൊലീസിനു കഴിയാത്ത പക്ഷം പ്രതിഷേധവുമായി രംഗത്തുവരുമെന്ന് ബി.എസ്.പി ജില്ലാ പ്രസിഡന്റ് ജിതു ജാഗേസിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

