ബംഗളൂരു: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിലെ ജീവനക്കാരേ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ച് കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഉത്തര കന്നടയിലെ കുംതയിൽ തിങ്കളാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് ഉത്തര കന്നട എം.പിയായ അനന്ത്കുമാർ ഹെഗ്ഡെ ബി.എസ്.എൻ.എൽ ജീവനക്കാർക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.
അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവർത്തിക്കാൻ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബി.എസ്.എൻ.എൽ ജീവനക്കാരെന്ന് ഹെഗ്ഡെ ആരോപിച്ചു. സർക്കാർ പണവും അടിസ്ഥാന സൗകര്യവും നൽകിയിട്ടും ജോലി ചെയ്യാൻ തയ്യാറായില്ല. ബി.എസ്.എൻ.എൽ രാജ്യത്തിന് ഒരു കറുത്ത അടയാളമായി തീർന്നു. വൈകാതെ പ്രധാനപ്പെട്ട ശസ്ത്രക്രിയ ബി.എസ്.എൻ.എല്ലിൽ നടത്തും. സ്വകാര്യ മേഖലക്ക് നൽകാൻ നരേന്ദ്രമോദി സർക്കാർ ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.എസ്.എൻ.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്ഡെ പറഞ്ഞു. 88,000 ജീവനക്കാർ ജോലി ചെയ്തിട്ടും അതിെൻറ നിലവാരം ഉയർത്താൻ അവർക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സർക്കാർ നൽകുന്നുണ്ടെങ്കിലും ജീവനക്കാർ ജോലി ചെയ്യാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഹെഗ്ഡെ ആരോപിച്ചു.
ബി.എസ്.എൻ.എൽ ജീവനക്കാർക്കെതിരെയുള്ള ഹെഗ്ഡെയുടെ പ്രസ്താവനക്കെതിരെ േകാൺഗ്രസും രംഗത്തെത്തി. 4ജി സ്പെക്ട്രം ബി.എസ്.എൻ.എല്ലിന് നൽകാതെ അംബാനിയുടെ ജിയോക്കാണ് ഹെഗ്ഡെയുടെ നേതാവായ നരേന്ദ്രമോദി നൽകിയതെന്നും അനന്ത് കുമാർ ഹെഗ്ഡെ ആണ് യഥാർഥ രാജ്യദ്രോഹിയെന്നും യൂത്ത് കോൺഗ്രസ് നേതാവ് ശീവാസ്ത ആരോപിച്ചു. മുമ്പും പലതവണ ഹെഗ്ഡെ വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം നാടകമാണെന്നായിരുന്നു അടുത്തിടെ ഹെഗ്ഡെ ആരോപിച്ചത്.