ബി.എസ്.എഫ് ഡ്രോൺ യുദ്ധ സ്കൂളിലെ ആദ്യബാച്ച് ഉടൻ പുറത്തിറങ്ങും
text_fieldsഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ വാർഫെയർ സ്കൂളിൽ ഡ്രോൺ യോദ്ധാക്കളുടെ ആദ്യ ബാച്ചിനുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കി അതിർത്തി രക്ഷാസേന. അതിർത്തിസുരക്ഷക്കും യുദ്ധങ്ങളിലും ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള തന്ത്രപരമായ കഴിവുകൾ നവീകരിക്കുന്നതിൽ രാജ്യം ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. ഗ്വാളിയോറിനടുത്തുള്ള ടെകൻപൂരിലുള്ള ബി.എസ്.എഫ് ഓഫിസേഴ്‌സ് അക്കാദമിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം രാജ്യത്തനുനേരെ ഉയർന്നുവരുന്ന വ്യോമ ഭീഷണികൾക്കെതിരെ പ്രതിരോധം തീർക്കാനും തിരിച്ചടിക്കാനും ശേഷിയുള്ള ദൗത്യസംഘമായി പ്രവർത്തിക്കും.
42 ഓഫിസർമാരടങ്ങുന്ന സംഘമാണ് നിലവിൽ ഡ്രോൺ യോദ്ധാക്കൾക്കുള്ള പരിശീലനം പൂർത്തിയാക്കി ബിരുദത്തിനായി തയാറായിരിക്കുന്നത്. താമസിയാതെ ഇവർക്കുള്ള ബിരുദവിതരണവും നടക്കും. തുടർന്ന് ഈ ഡ്രോൺ യോദ്ധാക്കളാവും മറ്റു ബിഎസ്എഫ് യൂനിറ്റുകളിലുള്ള ഓഫിസർമാരെ അവരുടെ കഴിവും അറിവുമനുസരിച്ച് ഉന്നത നിലവാരത്തിലുള്ള യോദ്ധാക്കളാക്കി മാറ്റുക.

സെപ്റ്റംബർ രണ്ടിന് ബി.എസ്.എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി ഉദ്ഘാടനം ചെയ്ത സ്കൂളിൽ ഡ്രോൺ സിമുലേറ്ററുകൾ, ലൈവ് ഫ്ലയിങ് സോണുകൾ, നൈറ്റ് ഓപറേഷൻ സൗകര്യങ്ങൾ, ആർഎഫ് ജാമറുകൾ, കൈനറ്റിക് ഇന്റർസെപ്റ്ററുകൾ, പേലോഡ് ഇന്റഗ്രേഷൻ സിസ്റ്റങ്ങൾ, എ.ഐ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു. 20 കോടി രൂപയുടെ പ്രാരംഭ ധനസഹായം ലഭിച്ചിട്ടുണ്ട്, കൂടാതെ 10 മുതൽ 12 ബാച്ചുകളിലായി പ്രതിവർഷം 500 ഡ്രോൺ കമാൻഡോകളെ പരിശീലിപ്പിക്കാൻ സാധിക്കും.

ദേശസുരക്ഷയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുന്ന ഓപറേഷൻ സിന്ദൂറിനെ തുടർന്നാണ് ഈ സംരംഭം. ഇതിനു മറുപടിയായി, ഡ്രോൺ പ്രവർത്തനങ്ങൾ, നിരീക്ഷണം, രഹസ്യാന്വേഷണം, സിഗ്നലുകളെ തടസ്സപ്പെടുത്തുന്ന ജാമറുകളുടെ സാങ്കേതികവിദ്യകൾ, എ.ഐ അധിഷ്ഠിതമായി ശത്രുക്കളെ പിന്തുടരുന്ന രീതി എന്നിവയിൽ വിപുലമായ കഴിവുകൾ ഉപയോഗിച്ച് തങ്ങളുടെ ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിനായായിരുന്നു ബി.എസ്.എഫ് സ്കൂൾ ഓഫ് ഡ്രോൺ വാർഫെയർ ആരംഭിച്ചത്.
ഡ്രോൺ കമാൻഡോകളുടെ മറ്റൊരു ബാച്ച് നിലവിൽ ഈ സൗകര്യത്തിൽ എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന തീവ്രമായ പരിശീലനത്തിലാണ്. ഡ്രോൺ യുദ്ധശേഷിയിലേക്കുള്ള ബിഎസ്എഫിന്റെ മുന്നേറ്റം നിരായുധരായ ആകാശ വാഹനങ്ങളിൽ (യുഎവി) നിന്നുള്ള ഭീഷണികളെ ചെറുക്കുന്നതിനും സങ്കീർണമായ ഭൂപ്രദേശങ്ങളിലും അതിർത്തി മേഖലകളിലും നമ്മുടെ യുദ്ധ സന്നദ്ധത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

