ന്യൂഡൽഹി/ജമ്മു: രാജ്യാന്തര അതിർത്തിയിൽ ഇന്ത്യൻ ജവാനെ പാകിസ്താൻ സേന കഴുത്തറുത്തും കണ്ണ് ചൂഴ്ന്നെടുത്തും കൊലപ്പെടുത്തി. അതിർത്തി രക്ഷാസേനയിലെ (ബി.എസ്.എഫ്) പെട്രോളിങ് വിഭാഗം ഹെഡ് കോൺസ്റ്റബിൾ നരേന്ദ്ര കുമാറിനെയാണ് പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. ജവാന്‍റെ ശരീരത്തിൽ മൂന്നു വെടിയുണ്ടകളേറ്റ പാടുകളുണ്ട്. ജമ്മുവിലെ രാംഗാർഗ് സെക്ടറിലാണ് സംഭവം നടന്നത്.
രാജ്യാന്തര അതിർത്തിയിലെ നിയന്ത്രണരേഖ കടന്നതാണ് പാകിസ്താന്‍റെ മൃഗീയ കൊലപാതകത്തിന് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ നിയന്ത്രണരേഖയിൽ അതീവ ജാഗ്രതാ നിർദേശം ബി.എസ്.എഫ് പുറപ്പെടുവിച്ചു.
അതിർത്തി കടന്ന് പുല്ല് നിറഞ്ഞ പ്രദേശത്ത് ആറു മണിക്കൂർ നീണ്ട തിരച്ചിലിലാണ് ജവാന്‍റെ മൃതദേഹം ബി.എസ്.എഫ് സംഘം കണ്ടെത്തിയത്. മൃതദേഹം സൈനിക പോസ്റ്റിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സേനാ വിഭാഗം.
പാക് സേനയുടെ ഭാഗത്തു നിന്നുള്ള ക്രൂരതയെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാറും വിദേശകാര്യ മന്ത്രാലയവും ഡയറക്ടർ ജനറൽ ഒാഫ് മിലിറ്ററി ഒാപ്പറേഷനും (ഡി.ജി.എം.ഒ) കാണുന്നതെന്ന് സുരക്ഷാ വിഭാഗങ്ങളിലെ ഉന്നതർ വ്യക്തമാക്കി. സംഭവത്തിലുള്ള ശക്തമായ പ്രതിഷേധം പാകിസ്താനെ അറിയിക്കാൻ ബി.എസ്.എഫ് തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ, സംഭവത്തെ കുറിച്ച് ഇതുവരെ പാക് സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജവാന്‍റെ മൃതദേഹം കണ്ടെത്താൻ സംയുക്ത തിരച്ചിലിന് ഇന്ത്യൻ സേന ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്സ് തയാറായില്ല.