കേന്ദ്രം അനുവദിച്ചാൽ ഇനിയും പാകിസ്താനിൽ ആക്രമണം നടത്താൻ തയ്യാർ -ബി.എസ്.എഫ്
text_fieldsന്യൂഡൽഹി: സർക്കാറിന്റെ ഉത്തരവ് ലഭിച്ചാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പിന് തയാറാണെന്ന് ബി.എസ്.എഫ്. അതിർത്തിയിലെ ലോഞ്ച്പാഡുകൾ പാകിസ്താൻ ഉൾപ്രദേശങ്ങളിലേക്ക് മാറ്റിയെന്നും ഇത് തകർക്കണമെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന് സമാനമായ ആക്രമണം വേണമെന്നുമാണ് ബി.എസ്.എഫ് നിലപാട്. സർക്കാർ അനുവദിക്കുകയാണെങ്കിൽ രണ്ടാം പതിപ്പിന് തയാറാണെന്നും ബി.എസ്.എഫ് അറിയിച്ചു.
ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ 12 ലോഞ്ച്പാഡുകളാണ് പാകിസ്താൻ തയാറാക്കിയിരിക്കുന്നതെന്ന് ബി.എസ്.എഫ് ഡി.ഐ.ജി കുൽവന്ത് റായി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.
1965, 1971, 1999ലെ കാർഗിൽ യുദ്ധം, ഓപ്പറേഷൻ സിന്ദൂർ എന്നിങ്ങനെ പാകിസ്താനെതിരായ പോരാട്ടങ്ങളിൽ ദീർഘകാലത്തെ അനുഭവപരിചയം ബി.എസ്.എഫിനുണ്ട്. ഒരവസരം ലഭിച്ചാൽ ഇത് ഞങ്ങൾ ഉപയോഗിക്കും. പാകിസ്താനുമേൽ കൂടുതൽ നാശമുണ്ടാക്കാൻ തങ്ങൾക്ക് കഴിയും. സർക്കാർ അനുമതി നൽകുകയാണെങ്കിൽ അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും ബി.എസ്.എഫ് വ്യക്തമാക്കി.
ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മേയ് ഏഴിന് നടത്തിയ തിരിച്ചടിയിൽ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തിരുന്നു. നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തുവെന്ന് സേന അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

