ബി.എസ്.എഫ് ജവാന്റെ ഭാര്യ കേഴുന്നു; എന്റെ സിന്ദൂരം തിരിച്ചുതരൂ...
text_fieldsപൂർണം കുമാർ സാഉ, ഭാര്യ രജനി സാഉ
കൊൽക്കത്ത: 18 നാൾ മുമ്പാണ് പഞ്ചാബിലെ പാക് അതിർത്തി കടന്നുവെന്നാരോപിച്ച് ബി.എസ്.എഫ് ജവാൻ പൂർണം കുമാർ സാഉവി (34)നെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയത്. കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ പാകിസ്താൻ പങ്കുവെച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപറേഷൻ സിന്ദൂർ നടത്തുകയും വെടിനിർത്തൽ കരാറിലെത്തുകയും ചെയ്യുമ്പോഴേക്ക് പൊതുസമൂഹത്തിന്റെ ചിന്തയിൽനിന്നും ഭരണകൂടത്തിന്റെ മുൻഗണനയിൽനിന്നും ഏറക്കുറെ മാഞ്ഞിരിക്കുന്നു ഈ കാവലാളിന്റെ പേര്.
സംഘർഷ സാധ്യതയുള്ള അതിർത്തി മേഖലയിലെ കർഷകർക്ക് കൂട്ടുപോകുന്നതിനിടെ അബദ്ധത്തിൽ അതിർത്തിയിലേക്ക് കടന്നുപോയി എന്ന പേരിലാണ് പാക് റെയ്ഞ്ചർമാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബംഗാളിലെ റിഷാറയിലുള്ള അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യ രജനി സാഉവി മോചനം തേടി മുട്ടാത്ത വാതിലുകളില്ല. പാക് സംഘം പിടിച്ചുകൊണ്ടുപോയതറിഞ്ഞ് സാഉവിന്റെ പിതാവ് ഭോലയും രജനിയും ഫിറോസ് പൂരിലെത്തി സൈനിക ഉദ്യോഗസ്ഥരോട് സഹായമഭ്യർഥിച്ചിരുന്നു.
തിരിച്ചെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉറപ്പും നൽകി. ബി.എസ്.എഫ് അധികൃതരും മുഖ്യമന്ത്രി മമത ബാനർജിയും കല്യാൺ ബാനർജി എം.പിയും സഹായവാഗ്ദാനം നൽകി. എന്നാൽ, സൈനിക നടപടികൾ ആരംഭിച്ചതോടെ സാഉവിനെക്കുറിച്ച് മിണ്ടാട്ടമേയില്ല. 18 വർഷം രാജ്യത്തെ സേവിച്ച മകനെ എല്ലാവരും മറന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ പരിതപിക്കുന്നു. ടി.വിയിൽ ഓപറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരണങ്ങൾ മുഴങ്ങവെ രജനി പറയുന്നു: എനിക്ക് എന്റെ സിന്ദൂരം തിരികെ നൽകൂ, എല്ലാവർക്കുമൊപ്പം ഞാനും സന്തോഷിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

