തീവ്രവാദികൾ ബി.എസ്.എഫ് ജവാനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു
text_fieldsശ്രീനഗർ: ഉത്തര കശ്മീരിലെ ഹജ്ജനിൽ ബി.എസ്.എഫ് ജവാെൻറ വസതിയിലേക്ക് അതിക്രമിച്ചു കയറിയ തീവ്രവാദികൾ ജവാനെ വെടിവെച്ചുകൊന്നു. കുടുംബത്തിലെ നാലുപേർക്കും വെടിവെപ്പിൽ പരിക്കേറ്റു. അവധിക്കായി ഏതാനും ദിവസം മുമ്പ് വീട്ടിലെത്തിയ റമീസ് അഹമ്മദ് പാരിയാണ് (31) കൊല്ലപ്പെട്ടത്. ശ്രീനഗറിൽ നിന്ന് 15 കി.മീറ്റർ അകലെ ബന്ദിപ്പൊരക്കടുത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം. പാരി മൊഹല്ലയിലെ വീട്ടിലേക്ക് ഇരച്ചുകയറിയ തീവ്രവാദികൾ നിർത്താതെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജവാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പാരിയുടെ പിതാവ്, രണ്ട് സഹോദരങ്ങൾ, അമ്മായി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അമ്മായിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ ആറു വർഷമായി ബി.എസ്.എഫിെൻറ 73ാം ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു പാരി.
പ്രാകൃതവും മനുഷ്യത്വരഹിതവുമായ ആക്രമണമാണിതെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും ജമ്മു^കശ്മീർ ഡി.ജി.പി എസ്.പി. വെയ്ദ് പറഞ്ഞു. കഴിഞ്ഞ മേയ് ഒമ്പതിന് േഷാപിയാനിൽനിന്ന് കരസേന ഒാഫിസർ ലഫ്റ്റനൻറ് ഉമർ ഫയാസിെന ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു.
