ഡി.എം.കെക്കു പിന്നാലെ പിന്തുണ പ്രഖ്യാപിച്ച് ബി.ആർ.എസും; മണ്ഡല പുനർനിർണയ ബില്ല് തെലങ്കാനയുടെ താൽപര്യത്തിനെന്ന് കെ.ടി. രാമറാവു
text_fieldsഹൈദരാബാദ്: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബില്ലിനും വനിതാ സംവരണം നടപ്പാക്കുന്നതിനും പിന്തുണ പ്രഖ്യാപിച്ച് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്). ബില്ലിൽ നിർദേശിച്ചിട്ടുള്ള ലോക്സഭാ സീറ്റുകളുടെ 50 ശതമാനം വർധനയും 2051 വരെ സംസ്ഥാനങ്ങൾക്കിടയിലെ പ്രാതിനിധ്യ അനുപാതത്തിൽ മാറ്റം വരുത്തില്ലെന്ന വ്യവസ്ഥയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ) പറഞ്ഞു.
നിലവിൽ ലോക്സഭയിലെ മൊത്തം സീറ്റുകളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള 24 ശതമാനം പ്രാതിനിധ്യം സംരക്ഷിക്കണമെന്ന പാർട്ടിയുടെ പ്രധാന ആശങ്കക്ക് നിർദിഷ്ട വ്യവസ്ഥകൾ പരിഹാരമാകുമെന്ന് കെ.ടി.ആർ പ്രതികരിച്ചു. കൂടാതെ, തെലങ്കാനയുടെ ലോക്സഭാ സീറ്റുകൾ 17ൽനിന്ന് 26 ആയി വർധിക്കും. തെലങ്കാനയുടെ താൽപര്യത്തിനാണ് മുൻഗണന നൽകുന്നതെന്നും ബില്ലിനെ അനുകൂലിച്ച് രാജ്യസഭയിലെ മൂന്ന് എം.പിമാരും വോട്ട് ചെയ്യുമെന്നും കെ.ടി.ആർ പ്രസ്താവനയിൽ വ്യക്തമാക്കി. വനിതാ സംവരണത്തെ ബി.ആർ.എസ് എക്കാലവും പിന്തുണച്ചിട്ടുണ്ടെന്നും അത് നടപ്പാക്കുന്നതിൽ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ആർ.എസിന് ലോക്സഭയിൽ അംഗങ്ങളില്ലെങ്കിലും രാജ്യസഭയിൽ മൂന്ന് അംഗങ്ങളുണ്ട്. മണ്ഡല പുനർനിർണയ വിഷയത്തിൽ ദക്ഷിണേന്ത്യയുടെ നിലവിലുള്ള പാർലമെന്റ് പ്രാതിനിധ്യത്തിൽ കുറവുണ്ടാകരുതെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്ന് കെ.ടി.ആർ പറഞ്ഞു. തെലങ്കാനയോട് ഒരു തരത്തിലുള്ള അനീതിയും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സ്ഥാപിച്ച പാർട്ടിയാണ് ബി.ആർ.എസ്.
നേരത്തെ, ലോക്‌സഭാ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കുമെന്ന് ഡിഎംകെയും വ്യക്തമാക്കി. സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി എ. രാജ അറിയിച്ചു. തമിഴ്‌നാടിന് 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിർത്തണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. എന്നാൽ 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേർത്തു. ശനിയാഴ്ച രാവിലെ ചേർന്ന പാർട്ടി എം.പിമാരുടെ യോഗത്തിലാണ് ബില്ലിനെ പിന്തുണക്കാൻ തീരുമാനിച്ചത്.
തമിഴ്‌നാട്ടിൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഡി.എം.കെ. ഡിഎംകെക്ക് ലോക്സഭയിൽ 22ഉം രാജ്യസഭയിൽ എട്ടും എംപിമാരുണ്ട്. നേരത്തേ മണ്ഡല പുനർനിർണയത്തെ പാർട്ടി ശക്തമായി എതിർത്തിരുന്നു. ഏപ്രിലിൽ ബിൽ പാർലമെന്റിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.

