സഹോദരൻമാർ താലികെട്ടിയത് ഒരേ വധുവിനെ; ഹിമാചലിലെ വിവാഹചടങ്ങുകൾ വൈറൽ
text_fieldshimachal
സിംല: വധുവിന് ഒന്നിലേറെ ഭർത്താക്കൻമാർ എന്നത് വളരെ പണ്ട് നമ്മുടെ നാട്ടിൽ ഉൾപ്പെടെ പ്രചാരത്തിലുണ്ടായിരുന്നതാണ്. എന്നാൽ ഇന്നും തുടരുന്ന ചില ഗോത്രങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അതിലൊന്നാണ് ഹിമാചലിലെ ഹത്തി വിഭാഗം. മുന്ന് വർഷം മുമ്പ് ഇവരെ പട്ടികവർഗത്തിൽപ്പെടുത്തിയിരുന്നു ഗവൺമെന്റ്.
ഹിമാചൽ-ഉത്തരാഖണ്ഡ് അതിർത്തിപ്രദേശമായ ഷില്ലൈ ഗ്രാമത്തിൽ സുനിത ചൗഹാൻ എന്ന പെൺകുട്ടിയെ സഹോദരൻമാരായ പ്രദീപും കപിൽ നേഗിയും താലി ചാർത്തിയത് നാട്ടുകാർ ആഘോഷത്തോടെയാണ് കൊണ്ടാടിയത്. ആയിരത്തിലേറെ ആളുകൾ പങ്കെടുത്ത വലിയ ചടങ്ങായിരുന്നു ഷില്ലൈ ഗ്രാമത്തിൽ. ഇവരുടെ വിവാഹ വീഡിയോ വൈറലാവുകയും ചെയ്തു. നാടൻ പാട്ടുകളും ഡാൻസുമൊക്കെ വിവാഹത്തിന് കൊഴുപ്പുകൂട്ടി.
ഹിമാചലിൽ നിലവിലുള്ള റവന്യൂ നിയമം ഇത്തരം വിവാഹത്തെ അംഗീകരിക്കുന്നുണ്ട്. ഈ ഗ്രാമത്തിൽതന്നെ ആറു വർഷത്തിനിടെ ഇത്തരം അഞ്ച് വിവാഹങ്ങൾ നടന്നതായി രേഖയുണ്ട്. കൻഹട്ട് ഗ്രാമത്തിൽ നിന്നുള്ള വധു സുനിത സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിന് തയ്യാറായതെന്നും ഇതിൽ അഭിമാനിക്കുന്നതായും പറയുന്നു.
വരൻമാരിൽ പ്രദീപ് ഗവൺമെന്റ് ഉദ്യോഗസ്ഥനും സഹോദരൻ കപിൽ വിദേശത്ത് ജോലി ചെയ്യുകയുമാണ്. ഇത് തങ്ങളുടെ കൂട്ടായ തീരുമാനമാണെന്നും പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അവർ പറയുന്നു. ഒരു കൂട്ടുകുടംബമെന്ന നിലയിൽ ഭാര്യക്കുള്ള സഹായവും സുരക്ഷയും ഒന്നിച്ച് നൽകുകയാണെന്നും സഹോദരൻമാർ പറയുന്നു.
നൂറ്റാണ്ടുകളായി ഇത്തരം വിവാഹ പാരമ്പര്യം നിലനിന്ന വിഭാഗമാണിവർ. എന്നാൽ കാലം പുരോഗമിച്ചതോടെ പലരും ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. 450 ഗ്രാമങ്ങളിലായി മൂന്നുലക്ഷത്തോളം പേർ ഉൾപ്പെടുന്ന വിഭാഗമാണ് ഹത്തി. ഇത്തരം വിവാഹങ്ങൾ രഹസ്യമായി പലയിടത്തും നടക്കാറുണ്ട്. എന്നാൽ പരസ്യമായി നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
തങ്ങളുടെ പാരമ്പര്യ സ്വത്ത് സംരക്ഷിക്കുന്നതിനായാണ് ഇത്തരമൊരു പാരമ്പര്യം നിലനിർത്തുന്നത്. മലമ്പ്രദശമായതിനാൽ ചിതറിക്കിടക്കുന്ന കൃഷിഭൂമിയാണ് ഇവർക്കുള്ളത്. അത് സംരക്ഷിച്ച് നിർത്തുന്നതിനായും ഈ സമ്പ്രദായം കുടുംബങ്ങൾ നിലനിർത്താറുണ്ടത്രെ. ആയിരത്തിലേറെ വർഷമായി തുടരുന്ന പരമ്പര്യമാണിതെന്ന് ഹത്തി സമിതി ജനറൽ സെക്രട്ടറി കുന്ദൻസിങ് ശാസ്ത്രി പറയുന്നു.
കൂട്ടുകുടുംബ സമ്പ്രദായം നിലനിൽക്കുന്ന ഇവിടെ ഒരു കുടുംബത്തിൽ നിന്നുതന്നെ രണ്ട് അമ്മമാർക്ക് പിറന്ന സഹോദരൻമാരും ഇത്തരം വിവാഹം നടത്താറുണ്ടത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

