തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്റെ വെടിയേറ്റ് സഹോദരന് മരിച്ചു
text_fieldsബംഗളൂരു: രാമനഗര ജില്ലയില്‍ ഫാം ഉടമ സൂക്ഷിച്ച തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരന്റെ വെടിയേറ്റ് സഹോദരന് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഏഴുവയസ്സുകാരനായ മകനാണ് മരിച്ചത്. സ്ഥലമുടമയായ മല്ലേഷിന്റെ ഫാംഹൗസിലാണ് ഇവർ താമസിച്ചിരുന്നത്.
മല്ലേഷിനും 15കാരനുമെതിരെ കൊടിഹള്ളി പൊലീസ് കേസെടുത്തു. മല്ലേഷിനെ അറസ്റ്റു ചെയ്തു.ആറു മാസം മുമ്പാണ് ഭാര്യക്കും ആറു മക്കൾക്കുമൊപ്പം ഉത്തർപ്രദേശ് സ്വദേശി ഇവിടെയെത്തിയത്. കഴിഞ്ഞദിവസം രാവിലെ ഭാര്യക്കും നാല് മക്കൾക്കുമൊപ്പം സുഹൃത്തിനെ കാണാന്‍ അയല്‍ഗ്രാമത്തില്‍ പോയപ്പോഴായിരുന്നു സംഭവം. 15 കാരനായ മകനും സഹോദരനും മാത്രമായിരുന്നു വീട്ടിൽ.
ഫാം ഹൗസിൽ സൂക്ഷിച്ച തോക്ക് കളിത്തോക്കാണെന്ന് കരുതി 15കാരൻ എടുത്തപ്പോൾ സമീപത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടിക്ക് വെടിയേൽക്കുകയായിരുന്നു. രക്ഷിതാക്കൾ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. തോക്ക് അനധികൃതമായി കൈവശംവെച്ചതിനെ കുറിച്ച് അന്വേഷിക്കുന്നതായി എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു.

