Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുസ്‍ലിംകളുടെ അവകാശം മനുഷ്യാവകാശമല്ലേ? ’; ഷർജീൽ ഇമാമിനെതിരായ പ്രചരണത്തിൽ പ്രതികരിച്ച് സഹോദരൻ

text_fields
bookmark_border
‘മുസ്‍ലിംകളുടെ അവകാശം മനുഷ്യാവകാശമല്ലേ? ’; ഷർജീൽ ഇമാമിനെതിരായ പ്രചരണത്തിൽ പ്രതികരിച്ച് സഹോദരൻ
cancel

ന്യൂഡൽഹി: വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ സംഘ്പരിവാർ അനുകൂലികൾ തുടരുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സഹോദരൻ മുസമ്മിൽ ഇമാം രംഗത്ത്. ഷർജീൽ ഇമാമിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്നതിന് മുമ്പ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കണമെന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ഷർജീൽ ഇമാമിലെ ദേശവിരുദ്ധനും ഭരണഘടനാ വിരുദ്ധനുമായി ചിത്രീകരിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശേഖർ ഗുപ്ത പങ്കുവെച്ച കുറിപ്പിന് പ്രതികരണമായാണ് മുസമ്മിൽ എക്സ് കുറിപ്പ് പങ്കു​വെച്ചത്.

ചരിത്രത്തെക്കുറിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കാനും ഭരണഘടനയെ വിമർശനാത്മകമായി സമീപിക്കാനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്. രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ല, ഗവേഷകനും ചരിത്രവിദ്യാർഥിയുമാണ് ഷർജീൽ ഇമാം. ഒരു പണ്ഡിതനും ബൗദ്ധിക ചിന്തകനും എന്ന നിലയിൽ ചരിത്രത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ വിശകലനം ചെയ്യാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ഭരണഘടനയെ വിമർശിക്കുന്നതും ജനാധിപത്യ സമൂഹത്തിൽ പൗരന്മാർക്ക് അനുവദിക്കപ്പെട്ട അവകാശങ്ങളുടെ ഭാഗമാണ് -മുസമ്മിൽ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിലെ അംഗമെന്ന നിലയിൽ രാജ്യത്തെ തലമുറകളായുള്ള മുസ്‌ലിംകളുടെ അനുഭവങ്ങളും യാഥാർഥ്യങ്ങളുമാണ് ഷർജീൽ ഇമാമിന്റെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഫലിക്കുന്നതെന്ന് സഹോദരൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആശയങ്ങൾ ചിലരിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതിന്റെ കാരണം എന്താണെന്നും അവയിൽ ചില യാഥാർഥ്യങ്ങളുണ്ടെന്നതിനാലാണോ ഈ അസ്വസ്ഥതയെന്നും സമൂഹം സ്വയം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിംകളുടെ അവകാശങ്ങളെ സാർവത്രിക മനുഷ്യാവകാശങ്ങളുടെ ഭാഗമായി കാണാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഒരു പ്രത്യേക സമുദായത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളെയും മാനുഷിക മൂല്യങ്ങളെയും കുറിച്ച് സംസാരിക്കുന്നതിന്റെ പേരിൽ ഷർജീലിനെ ഇസ്‌ലാമിസ്റ്റായി മുദ്രകുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് എന്തിനാണെന്നും അദ്ദേഹം വിമർശിച്ചു.

ഷർജീൽ ഇമാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളുടെ പശ്ചാത്തലവും അവ ഉയർത്തുന്ന സാമൂഹിക ചോദ്യങ്ങളും ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ടെന്നും മുസമ്മിൽ ചൂണ്ടിക്കാണിച്ചു. ഷർജീൽ ജാമ്യത്തിലിറങ്ങിയ സന്ദർഭത്തിൽ നൽകിയ അഭിമുഖത്തെ ചൂണ്ടിക്കാണിച്ച് വ്യാപകമായ വിദ്വേഷ പ്രചരണം തുടരുന്ന പശ്ചാത്തലത്തിലാണ് സഹോദരന്റെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Brother defends Sharjeel Imam amid campaign against him
Next Story