സഹസ്ര കോടീശ്വര വാഴ്ചയിൽ ബ്രിട്ടീഷ് കാലത്തേക്കാൾ അസമത്വം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: രാജ്യത്ത് നിലവിലിരിക്കുന്ന സഹസ്രകോടീശ്വര വാഴ്ച ബ്രിട്ടീഷ് വാഴ്ചക്കാലത്തേക്കാൾ അസമത്വം സൃഷ്ടിച്ചതായി കോൺഗ്രസ്. ആഗോളതലത്തിലുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധർ ഇന്ത്യയിലെ വരുമാന-ആസ്തി അസമത്വത്തെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ബി.ജെ.പിക്ക് ഫണ്ട് നൽകുന്ന കോർപറേറ്റ് സുഹൃത്തുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുകൊടുക്കുന്ന നിർലോപ സഹായങ്ങൾ ബ്രിട്ടീഷ് കാലത്തേക്കാൾ അസമത്വം ഇന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നുവെന്നാണ് അതിൽ പറയുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ അതിസമ്പന്ന ഗണത്തിൽപെടുന്ന ഒരു ശതമാനം പേർ സമ്പാദിച്ച ദേശീയ വരുമാന വിഹിതം മുമ്പെന്നത്തേക്കാൾ ഉയർന്നതാണ്; ആഗോളതലത്തിൽതന്നെ ഏറ്റവും ഉയർന്നതാണ്. സമ്പന്നരെ പരിപോഷിപ്പിക്കുക, പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കുക, കണക്കുകൾ ഒളിപ്പിച്ചുവെക്കുക എന്നിവ സർക്കാറിന്റെ നയമായി മാറി. മിക്ക കരാറുകളും ഏതാനും കോർപറേറ്റുകൾക്ക് നൽകുകയാണ്. റെക്കോഡ് ഡിസ്കൗണ്ടിൽ അതേ കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ പൊതു ആസ്തികൾ വിൽക്കുന്നു.
ഈ കമ്പനികൾ ഭീമമായ തുക ഭരണകക്ഷിക്ക് നൽകുന്നു. നോട്ട് അസാധുവാക്കൽ, അശാസ്ത്രീയ ജി.എസ്.ടി നടപ്പാക്കൽ എന്നിവയും പരിസ്ഥിതി, ഭൂമി ഏറ്റെടുക്കൽ, തൊഴിൽ, കാർഷിക നിയമങ്ങളും സഹസ്രകോടീശ്വര വാഴ്ചക്ക് വേണ്ടിയായിരുന്നു. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ ഇക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. അദാനി ഗ്രൂപ് അടക്കം അഞ്ചു പ്രമുഖ കോർപറേറ്റുകളുടെ വളർച്ച 40 മേഖലകളിൽ കുത്തകസൃഷ്ടിക്ക് വഴിയൊരുക്കിയെന്നും, അതാണ് നിലവിലെ വിലക്കയറ്റത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സാധാരണക്കാരൻ സാധനങ്ങൾ വാങ്ങാൻ 100 രൂപ ചെലവിട്ടാൽ വ്യവസായിക്ക് അതിൽ 18 രൂപ കിട്ടുന്നു എന്നതായിരുന്നു 2015ലെ സ്ഥിതി. 2021 ആയപ്പോൾ വ്യവസായിയുടെ ലാഭം 36 രൂപയായി. ഇത്തരത്തിൽ ലാഭമൂറ്റാൻ കഴിയുന്നത് സ്വാഭാവികമായും വിലക്കയറ്റത്തിലേക്കും തൊഴിലില്ലാ പ്രതിസന്ധിയിലേക്കും നയിച്ചു.
സാധാരണക്കാരന്റെ യഥാർഥ വരുമാനം വളർച്ചയില്ലാതെ മുരടിച്ചു നിൽക്കുകയും ചെയ്യുന്നു. സാമ്പത്തിക രംഗത്തെ ഡാറ്റകൾ തീർത്തും ആധികാരികമല്ലാതായി. 2021ലെ സെൻസസ് ഇനിയും നടത്തിയിട്ടില്ല. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് പരസ്യപ്പെടുത്തിയിട്ടില്ല. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ കണക്കുകളിൽ കൃത്രിമം നടത്തി.
നാഷനൽ സാമ്പിൾ സർവേപോലുള്ള കണക്കുകൾ മൂടിവെച്ചു. ഗ്രാമീണ ഉപഭോഗ ചെലവിൽ ഇടിവുണ്ടെന്നാണ് സാമ്പിൾ സർവേയിൽ കണ്ടെത്തിയത്. മതിയായ ഡാറ്റ ലഭ്യമാക്കാതെ നെഗറ്റിവ് വാർത്തകളെ ഇല്ലായ്മ ചെയ്യുന്ന തന്ത്രമാണ് മോദി സർക്കാറിന്റേത്. അത് നയപരമായ വൻവീഴ്ചകൾക്കും കാരണമായി. 140 കോടി ഇന്ത്യക്കാരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച ഡാറ്റ സമാഹരിക്കാതെ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒരു സർക്കാറിനും സാധിക്കില്ലെന്നും ജയ്റാം രമേശ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

