‘ഒരു മുസ്‍ലിം പെൺകുട്ടിയെ കൊണ്ടുവരൂ, ജോലി നേടാം’: യു.പിയിൽ കടുത്ത വിദ്വേഷ പ്രസംഗവുമായി മുൻ ബി.ജെ.പി എം.എൽ.എ
text_fieldsലക്നോ: മുസ്‍ലിം പെൺകുട്ടികളെ ‘കൊണ്ടുവരുന്ന’ ഹിന്ദു യുവാക്കൾക്ക് പ്രതിഫലമായി ജോലി നൽകുമെന്ന് ഉത്തർപ്രദേശിലെ ഡൊമരിയഗഞ്ചിലെ മുൻ ബി.ജെ.പി എം.എൽ.എ രാഘവേന്ദ്ര പ്രതാപ് സിങ് ജനക്കൂട്ടത്തോട് നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത രോഷം. തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനുമുള്ള ആഹ്വാനമായി ഈ പരാമർശം വ്യാപകമായി അപലപിക്കപ്പെട്ടു. മുസ്‍ലിംകൾക്കെതിരെ വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ നടത്തിയതിന്റെ ട്രാക്ക് റെക്കോർഡുള്ളയാളാണ് സിങ്.
സമൂഹ മാധ്യമത്തിൽ ആളിപ്പടർന്ന വിഡിയോയിൽ ‘മുസ്‍ലിം പെൺകുട്ടിയെ കൊണ്ടുവരുന്ന ഹിന്ദു ആൺകുട്ടിക്ക് ഞങ്ങൾ ഒരു ജോലി ക്രമീകരിക്കും’ എന്ന് ജനക്കൂട്ടത്തോട് വ്യക്തമായി പറയുന്നത് കാണാം. ആൾക്കൂട്ടം ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തതായും പ്രാദേശിക പ്രവർത്തകർ പറയുന്നു.
ആം ആദ്മി പാർട്ടിയുടെ ദേശീയ വക്താവ് സഞ്ജയ് സിങ് വിഡിയോ ദൃശ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചു. ആരോപണവിധേയമായ പരാമർശങ്ങൾ ‘കുറ്റകൃത്യത്തിലേക്കുള്ള നേരിട്ടുള്ള പ്രേരണ’ ആണെന്നും പൊലീസ് ഉടനടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരു നേതാവ് തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും പരസ്യമായി പ്രേരിപ്പിക്കുകയാണെങ്കിൽ അതിൽ നിയമ നടപടി സ്വീകരിക്കണം. യു.പി പൊലീസ് നിസ്സാരമായ കാരണങ്ങളാൽ മുസ്‍ലിംകൾക്കെതിരെ കേസുകൾ ഫയൽ ചെയ്യുകയും ഹിന്ദു നേതാക്കൾ അക്രമത്തിന് പ്രേരിപ്പിക്കുമ്പോൾ മറച്ചുവെക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഉണ്ടാകാൻ പാടില്ല. അയാളെ ഉടൻ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ എല്ലാവർക്കും തുല്യമായ നിയമം എന്ന വാദം പൊള്ളയായി മാറും’ - എക്സിലെ പോസ്റ്റിൽ സഞ്ജയ് സിങ് പ്രതികരിച്ചു.
അത്തരം പ്രസ്താവനകൾ സമൂഹത്തിന് നൽകുന്ന സന്ദേശത്തെക്കുറിച്ച് സഞ്ജയ് സിങ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ‘ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് തങ്ങളുടെ മകൻ ആഘോഷിക്കപ്പെടണമെന്ന് ഏത് ഹിന്ദു രക്ഷിതാവാണ് ആഗ്രഹിക്കുക? ലോകത്ത് ഹിന്ദുമതത്തിന് നമ്മൾ ആഗ്രഹിക്കുന്ന ഐഡന്റിറ്റി ഇതാണോ? ബലപ്രയോഗവും കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒന്നാണോ അത്?’- അദ്ദേഹം ചോദിച്ചു. സിവിൽ സമൂഹവും ഭരണകൂടവും സംഭവത്തെ പൊതു ക്രമസമാധാനത്തിനു നേർക്കുള്ളതും വിദ്വേഷപരവുമായ കുറ്റകൃത്യമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ ഇത്തരം പരസ്യാഹ്വാനങ്ങൾ തെളിയിക്കപ്പെട്ടാൽ ക്രിമിനൽ ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിവ മുതൽ വിദ്വേഷ പ്രസംഗം, നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ വരെ ചുമത്തപ്പെടുമെന്ന് പ്രാദേശിക മനുഷ്യാവകാശ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഇരകൾക്ക് സംരക്ഷണം നൽകണമെനും അവർ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ സർക്കാർ അനകൂല ഏജൻസികൾ നിയമങ്ങൾ കയ്യിലെടുത്ത് നടപ്പിലാക്കുന്നുവെന്നും പലപ്പോഴും മുസ്‍ലിം സമുദായത്തെ ലക്ഷ്യം വെച്ചാണ് ഹിന്ദുത്വ പ്രവർത്തകരുടെ പ്രകോപനപരമായ പ്രവർത്തനങ്ങൾ എന്നും ഇവ അവഗണിക്കുന്നുവെന്നും പ്രതിപക്ഷ ഗ്രൂപ്പുകൾ ആവർത്തിച്ച് ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

