ജാതി റാലികൾ നിരോധിച്ച ഉത്തർപ്രദേശിൽ ബ്രിജ്ഭൂഷന്റെ നേതൃത്വത്തിൽ ക്ഷത്രിയ കൺവൻഷൻ
text_fieldsബ്രിജ്ഭൂഷൺ ശരൺ സിങ്
ലഖ്നോ: ജാതി അടിസ്ഥാനത്തിലുള്ള റാലികൾക്ക് നിരോധനമേർപ്പെടുത്തിയ ഉത്തർപ്രദേശിലെ ക്ഷത്രിയ കൺവൻഷനിൽ പങ്കെടുത്ത് ബി.ജെ.പി മുൻ എം.പി ബ്രിജ്ഭൂഷൺ ശരൺ സിങ്. ഒക്ടോബർ നാലിനാണ് ക്ഷത്രിയ കൻവൻഷൻ നടന്നത്. ജാതി അടിസ്ഥാനത്തിലുള്ള റാലികൾക്കും പോസ്റ്ററുകളും സ്റ്റിക്കറുകളും പതിക്കുന്നതിന് നിരോധിച്ച സംസ്ഥാനത്ത് ബി.ജെ.പി നേതാവ് ഇത്തരത്തിലുള്ള കൻവൻഷൻ നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എഫ്.ഐ.ആറിൽ ജാതി രേഖപ്പെടുത്തുന്നത് പോലും യോഗി സർക്കാർ വിലക്കിയിട്ടുണ്ട്. യു.പിയിലെ രാഷ്ട്രീയപാർട്ടികൾക്കിടയിലും വിഡിയോ വലിയ ചർച്ചാവിഷയമായിട്ടുണ്ട്.
ഒക്ടോബർ നാലിന് ഇറ്റാ നഗരത്തിൽ നടന്ന അഖിലേന്ത്യ ക്ഷത്രിയ മഹാസഭയിലാണ് ബ്രിജ്ഭൂഷൺ പങ്കെടുത്തത്. പരിപാടിയുടെ വിവിധ വിഡിയോകളും ബ്രിജ്ഭൂഷൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. റാലിയുടെ ഭാഗമായി നിരവധി കാറുകളും ബൈക്കുകളും റോഡിൽ നിരന്നിരിക്കുന്നത് വിഡിയോകളിൽ കാണാം. നിരോധനങ്ങൾക്കിടയിലും ഇത്രയും ആളുകൾ പങ്കെടുത്ത ജാതി അടിസ്ഥാനമാക്കിയുള്ള ഒരു റാലി നടന്നത് എങ്ങനെയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
സമൂഹമാധ്യമങ്ങളിലൂടെയും ആളുകൾ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. യോഗി സർക്കാറിനാണ് സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തമെന്നും ആളുകൾ ചൂണ്ടിക്കാട്ടി. ഇറ്റാ നഗരത്തിലെ പൊലീസിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെയും പലരും ചോദ്യം ചെയ്തു. യോഗി സർക്കാറിന്റെ ഉത്തരവ് പരസ്യമായി ലംഘിക്കപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത്നിന്ന് നടപടിയുണ്ടായില്ലെന്നും വിമർശനമുയർന്നു.
ബ്രിജ്ഭൂഷണും യോഗിയും കുറച്ചുകാലങ്ങളായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്നായിരുന്നു പൊതുവെയുള്ള റിപ്പോർട്ട്. എന്നാൽ അടുത്തിടെ യോഗിയെ കാണാൻ ബ്രിജ്ഭൂഷൺ എത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലെ ഭിന്നതകൾ ഇല്ലാതായത്.
ജാതി വിവേചനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള അലഹാബാദ് ഹൈകോടതി വിധിപ്രകാരമാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾ നിരോധിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്തുടനീളം നിരോധിച്ചിട്ടുണ്ട്. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

