Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സർക്കാർ ജോലിക്കായി 50...

‘സർക്കാർ ജോലിക്കായി 50 തവണ ഞാൻ ശ്രമിച്ചു, സോറി അച്ഛാ...’; യു.പിയിൽ ബി.ടെക് ഗോൾഡ് മെഡലിസ്റ്റ് ജീവനൊടുക്കി

text_fields
bookmark_border
‘സർക്കാർ ജോലിക്കായി 50 തവണ ഞാൻ ശ്രമിച്ചു, സോറി അച്ഛാ...’; യു.പിയിൽ ബി.ടെക് ഗോൾഡ് മെഡലിസ്റ്റ് ജീവനൊടുക്കി
cancel
camera_alt

പ്രതീകാത്മക ചിത്രം

കാൺപൂർ: കഠിനമായി പരിശ്രമിച്ചിട്ടും മത്സരപരീക്ഷകളിൽ വിജയിക്കാനും സർക്കാർ ജോലി നേടാനും കഴിയാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് കാൺപൂരിൽ 24കാരനായ ബി.ടെക് ഗോൾഡ് മെഡലിസ്റ്റിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ ആനന്ദ് കുമാർ എന്ന യുവാവാണ് കാൺപൂരിലെ ഗോവിന്ദ് നഗറിലുള്ള സ്വന്തം വസതിയിൽ ജീവനൊടുക്കിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമാക്കുന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ആനന്ദ് എഴുതിയ ആത്മഹത്യാക്കുറിപ്പാണ് പൊലീസിന് ലഭിച്ചത്. എത്രയൊക്കെ കഠിനമായി ശ്രമിച്ചിട്ടും തനിക്ക് ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചില്ലെന്നും, അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് കത്തിൽ പറയുന്നത്. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘സർക്കാർ ജോലിക്കായി 50 തവണ ഞാൻ ശ്രമിച്ചു, സോറി അച്ഛാ എന്നും കുറിപ്പിൽ പറയുന്നുണ്ട്.

ആനന്ദിന്റെ മൂത്ത സഹോദരനും സഹോദരിയും നിലവിൽ സർക്കാർ ജോലിയിലുള്ളവരാണ്. ഇവർക്ക് പിന്നാലെ തനിക്കും ഒരു സർക്കാർ ജോലി വേണമെന്ന ആഗ്രഹത്തോടെ യുവാവ് കഠിനമായി പഠിച്ചിരുന്നതായും, എന്നാൽ പരീക്ഷകൾ പാസാകാൻ കഴിയാത്തത് ആനന്ദിനെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നതായും പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ഡി.സി.പി ദീപേന്ദ്ര നാഥ് ചൗധരി അറിയിച്ചു.

ബിഹാറിലെ ബക്സർ ജില്ലക്കാരനായ ആനന്ദ് കുമാറും കുടുംബവും കഴിഞ്ഞ ഏതാനും വർഷങ്ങളായി കാൺപൂരിലെ ഗോവിന്ദ് നഗറിലാണ് താമസം. സർക്കാർ തൊഴിൽ റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കായി ആനന്ദ് കഠിനമായി തയാറെടുക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ അവ പാസാകാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് കുടുംബം ഞങ്ങളോട് പറഞ്ഞത്. ആനന്ദിന്റെ മൂത്ത സഹോദരൻ അമിത് കുമാറും സഹോദരി പ്രിയയും ബിഹാറിൽ സർക്കാർ സ്കൂൾ അധ്യാപകരായി ജോലി ചെയ്യുകയാണ് ഗോവിന്ദ് നഗർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശിവ് സിങ് പറഞ്ഞു.

എന്നാൽ, സർക്കാർ ജോലി ലഭിക്കാത്തതിലുള്ള നിരാശ മാത്രമാകാം ആനന്ദിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം എന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ പിതാവ് രാജ് കുമാർ ഗുപ്ത തയാറല്ല. റിട്ടയേർഡ് ജീവനക്കാരനായ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവെ, മകന് ഓൺലൈൻ ഗെയിമുകളോട് കടുത്ത അടിമത്തമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി.

അവൻ മത്സരപരീക്ഷകൾക്ക് പഠിക്കുന്നുണ്ടായിരുന്നു എന്നത് ശരിയാണ്, എന്നാൽ പരീക്ഷകളിൽ പരാജയപ്പെട്ടത് കൊണ്ട് മാത്രം അവൻ ഇങ്ങനെയൊരു പടി സ്വീകരിക്കുമെന്ന് കരുതുന്നില്ല. ഓൺലൈൻ ഗെയിമുകൾക്കും അവൻ വലിയ രീതിയിൽ അടിമയായിരുന്നു പിതാവ് പറഞ്ഞു.

പഠനത്തിൽ അതീവ മിടുക്കനായിരുന്നു ആനന്ദ് കുമാർ. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഇദ്ദേഹം, സംസ്ഥാനത്തെ സർവ്വകലാശാലകളിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് ഉത്തർപ്രദേശ് ഗവർണറിൽ നിന്ന് സ്വർണ്ണ മെഡൽ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം കാൺപൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയ ശേഷവും സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആനന്ദിന്റെ കുടുംബം ചില വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബിഹാറിലേക്ക് പോയിരുന്നു. ആനന്ദും അവർക്കൊപ്പം പോകേണ്ടതായിരുന്നുവെങ്കിലും അവസാന നിമിഷം യാത്ര ഒഴിവാക്കി വീട്ടിൽ തന്നെ തുടരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി പതിവുപോലെ ജോലിക്ക് എത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ ബിഹാറിലുള്ള കുടുംബാംഗങ്ങളെ വിവരമറിയിച്ചു.

തുടർന്ന് കുടുംബം കാൺപൂരിലുള്ള ഒരു ബന്ധുവിനോട് വീട്ടിലെത്തി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഈ ബന്ധുവും എത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ ബലമായി തകർത്ത് അകത്തുകയറിയപ്പോഴാണ് മുറിക്കുള്ളിൽ ആനന്ദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanpurMental Stresscompetitive examonline gamingPhone AddictionExam FailureMobile Phone addiction
News Summary - Bright B.Tech Graduate Ends Life in Kanpur
Next Story