ബ്രിക്സ് നൽകുന്നത് ജി7നെക്കാൾ വലിയ സംഭാവന; പരിഹസിച്ച് പുടിൻ
text_fieldsവ്ലാദിമിർ പുടിൻ
ന്യൂഡൽഹി: ആഗോള സമ്പദ് വ്യവസ്ഥക്ക് വികസിത രാജ്യങ്ങളുടെ ജി-7 കൂട്ടായ്മയെക്കാൾ വലിയ സംഭാവനയാണ് ‘ബ്രിക്സ്’ കൂട്ടായ്മ നൽകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ബ്രിക്സ് ഉച്ചകോടിക്ക് മുന്നേ നടന്ന ബിസിനസ് ഫോറത്തിൽ ലോക നേതാക്കളുടെ സെഷനിലാണ് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയെ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 നുമായി പുടിൻ താരതമ്യം ചെയ്ത് പരിഹസിച്ചത്.
ബ്രിക്സിന്റെ സംഭാവനയിൽ ഇതേ കണക്ക് പിന്നീട് ആവർത്തിച്ച മോദി പക്ഷേ ജി-7 പരാമർശിച്ചില്ല. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, യു .എസ് എന്നീ ഏഴ് വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-7. കഴിഞ്ഞ അഞ്ചുവർഷമായി ആഗോള ജി.ഡി.പിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ) 40 ശതമാനവും സംഭാവന ചെയ്യുന്നത് ബ്രിക്സ് രാജ്യങ്ങളാണെന്ന് പുടിൻ പറഞ്ഞു. അതേസമയം, ഏറെ കൊട്ടിഘോഷിക്കുന്ന ജി-7 കേവലം 29 ശതമാനം മാത്രമാണ് ആഗോള സമ്പദ്ഘടനക്ക് സംഭാവന ചെയ്തതെന്ന് പുടിൻ തുടർന്നു.
സമുദ്ര പാതകൾ സുരക്ഷിതമാകണം -ഇന്ത്യ
സമുദ്ര പാതകൾ സുരക്ഷിതമാക്കി ആഗോള വ്യാപാരത്തിന് വഴിയൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ ലോക നേതാക്കളുടെ സെഷനിൽ സംസാരിക്കുകയായിരുന്നു മോദി.
നാവികരുടെ സുരക്ഷയും ആഗോള വ്യാപാരത്തിന്റെ പ്രോത്സാഹനത്തിന് പരമപ്രധാനമാണെന്ന് ഹുർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾക്കിടെ ഇറാൻ പ്രസിഡന്റിനെ വേദിയിലിരുത്തി പ്രധാനമന്ത്രി പറഞ്ഞു.
സമുദ്ര സഞ്ചാര സ്വാതന്ത്ര്യവും സമുദ്ര പാതകളും നാവികരും സുരക്ഷിതരും വിതരണത്തിന്റെ വഴികൾ തുറസ്സുമായിരിക്കുമ്പോഴാണ് ആഗോള വ്യാപാരത്തിന് മുന്നോട്ടുപോകാനാകുക. അതുകൊണ്ടാണ് സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിനായി ഇന്ത്യ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ വളർച്ചയുടെയും സുസ്ഥിരതയുടെയും ആത്മവിശ്വാസത്തിന്റെ ഉറവിടമായെന്ന് മോദി തുടർന്നു. ലോകത്താകമാനം വ്യാപാര തടസ്സങ്ങൾ ഉയർന്നുവരുമ്പോൾ സാമ്പത്തിക പാലങ്ങൾ നിർമിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഓരോ വർഷവും 10 വ്യാപാര തടസ്സങ്ങൾ നീക്കംചെയ്യാനും 100 ബ്രിക്സ് സ്റ്റാർട്ടപ്പുകൾക്ക് രൂപംനൽകാനും മോദി ബ്രിക്സ് അംഗരാജ്യങ്ങളോടും സഹകാരികളോടും ആഹ്വാനം ചെയ്തു.
ആയിരം പുതിയ പങ്കാളിത്തങ്ങൾ ഉണ്ടാക്കണമെന്നും എല്ലാവർഷവും ഇത് അവലോകനം ചെയ്യണമെന്നും മോദി തുടർന്നു. ലോകം അതിസങ്കീർണമായ ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മോദിക്ക് മുമ്പേ സംസാരിച്ച ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ പറഞ്ഞു. അംഗ രാജ്യങ്ങൾ സ്വന്തം ദേശീയ കറൻസികൾ വ്യാപാരത്തിന് ഉപയോഗിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണപരമായ തടസ്സങ്ങൾ നീക്കംചെയ്തും നിയന്ത്രണങ്ങൾ കുറച്ചും ശിഥിലമായ സഹകരണത്തിൽനിന്ന് സംയോജനത്തിലേക്ക് നീങ്ങണമെന്ന് പെസഷ്‌കിയാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

