ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഇന്ത്യയിൽ; അജിത് ഡോവൽ അധ്യക്ഷനാകും
text_fieldsന്യൂഡൽഹി: ആഗോള സൈബർ ഭീഷണികൾ നേരിടുന്നതിനും സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനുമായി ഇന്ത്യ ജൂൺ 22, 23 തീയതികളിൽ ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യതലസ്ഥാനത്ത് നടക്കുന്ന ഈ നിർണായക യോഗത്തിന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേതൃത്വം നൽകും.
'ലോകം ഇന്ന് നേരിടുന്ന പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികൾ' എന്ന പ്രമേയത്തിലൂന്നിയായിരിക്കും ഈ യോഗം ചേരുക. ആഗോളതലത്തിൽ രാജ്യങ്ങൾ നേരിടുന്ന സങ്കീർണ്ണമായ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായി ഈ യോഗം മാറും.
വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങൾ തടയലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ, അതിർത്തി കടന്നുള്ള ഭീകരവാദവും അതിനായി ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നതും തടയുക എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായിരിക്കും.
സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച രാജ്യങ്ങളുടെ സുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്നും പുതിയ സുരക്ഷാ വീഴ്ചകൾക്ക് എങ്ങനെ കാരണമാകുന്നുവെന്നും യോഗം വിലയിരുത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അത്യാധുനിക ഡിജിറ്റൽ ടൂളുകൾ എന്നിവയുടെ ദുരുപയോഗം ആഗോള സുരക്ഷക്ക് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും വിവരങ്ങൾ പങ്കുവെക്കലും ശക്തമാക്കും.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബ്രിക്സ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പുകളുടെ ശുപാർശകൾ യോഗം വിലയിരുത്തും. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിനും ഡിജിറ്റൽ മേഖലയിലെ ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും ഇത് കൂടുതൽ കരുത്തുപകരും.വരുന്ന സെപ്റ്റംബർ 12–13 തീയതികളിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ സുരക്ഷാ യോഗം സംഘടിപ്പിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

