ബ്രിക്സിൽ ഇസ്രായേലിനെതിരായ പരാമർശം മയപ്പെടുത്താൻ ഇന്ത്യ; എതിർത്ത് അംഗങ്ങൾ
text_fieldsന്യൂഡൽഹി: ബ്രിക്സ് വിദേശകാര്യ സഹമന്ത്രിമാരുടെയും പ്രത്യേക പ്രതിനിധികളുടെയും യോഗത്തിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് സമഗ്ര ചർച്ചകൾ നടന്നെങ്കിലും സംയുക്ത പ്രസ്താവന ഉണ്ടായില്ല. ഇസ്രായേലിനെക്കുറിച്ചും ഫലസ്തീനിനെക്കുറിച്ചുമുള്ള പ്രയോഗങ്ങൾ മയപ്പെടുത്താൻ ഇന്ത്യ അപ്രതീക്ഷിതമായി നടത്തിയ ശ്രമത്തെ മറ്റെല്ലാ അംഗരാജ്യങ്ങളും എതിർത്തതിനെ തുടർന്നാണിത്.
ഗസ്സയിലും ലബനാനിലും ബോംബ് വർഷം നടത്തിയ ഇസ്രായേലിനെ വിമർശിക്കുന്ന ഭാഷ മയപ്പെടുത്താനും, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കൻ ജറുസലേമിനെ പരാമർശിക്കുന്ന ഭാഗം ഒഴിവാക്കാനുമാണ് ശ്രമം നടത്തിയത്. വെസ്റ്റ് ബാങ്കിലെയും ലബനാനിലെയും നടപടികളെ വിമർശിക്കുമ്പോൾ ഇസ്രായേൽ എന്ന പരാമർശം മാറ്റി അധിനിവേശ ശക്തി എന്നാക്കി മാറ്റാനും നോക്കി. സംയുക്ത പ്രസ്താവനക്കുള്ള കരട് തയാറാക്കാനുള്ള ചർച്ചയിൽ 2025ൽ ബ്രസീലിയയിലും, 2024ൽ കസാനിലും നടന്ന ബ്രിക്സ് ഉച്ചകോടിയിലെ പ്രസ്താവനകളിൽനിന്നുള്ള ചില ഖണ്ഡികകളിൽ ഭേദഗതി വരുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും യോഗത്തിൽ പങ്കെടുത്ത ചിലർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മുമ്പ് അന്തർദേശീയ വേദികളിൽ ഇന്ത്യതന്നെ ഉപയോഗിച്ചിരുന്ന പ്രയോഗങ്ങൾ നീക്കാനുള്ള ശ്രമത്തിൽ പല നയതന്ത്ര പ്രതിനിധികളും ആശ്ചര്യം പ്രകടിപ്പിച്ചു.
ഉഭയകക്ഷി പ്രസ്താവനകളിൽ, കിഴക്കൻ ജറുസലേം എന്ന പദം ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചുവെന്നാണ് ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞത്. ന്യൂഡൽഹിയിൽ 2026 ജനുവരിയിൽ നടന്ന ഇന്ത്യ-അറബ് ലീഗ് ഉച്ചകോടിയിലും ഇന്ത്യ ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരുന്നുവെന്നും നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

