‘ഡോളറിന് പകരം പ്രാദേശിക കറൻസികൾ, ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം വേണം...’; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര സംഘർഷങ്ങൾ ചർച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ബ്രിക്സ് സംയുക്ത പ്രഖ്യാപനം. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗരാജ്യങ്ങൾ സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്. പശ്ചിമേഷ്യൻ സംഘർഷത്തിലടക്കം ബ്രിക്സ് അതീവ ആശങ്ക രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഏകപക്ഷീയമായ നിർബന്ധിത നടപടികളെ ബ്രിക്സ് അപലപിച്ചു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്ന് അംഗ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യു.എന്നിലും സുരക്ഷാ കൗൺസിലിലും പങ്കാളിത്തം വർധിപ്പിക്കണമെന്ന ബ്രസീലിന്റെയും ഇന്ത്യയുടെയും താൽപര്യങ്ങൾക്ക് സമിതിയിലെ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും പിന്തുണ ആവർത്തിച്ചത് ഇന്ത്യക്ക് നേട്ടമാകും. യു.എസ് ഡോളറിന് പകരം ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം പ്രാദേശിക കറൻസികളിൽ നടത്തണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. ഇത് ആഗോള വ്യാപാര രംഗത്ത് ഡോളറിന്റെ മേധാവിത്വം കുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ എന്നിവിടങ്ങളിൽ നിന്നുള്ള വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിക്കൊണ്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പരിഷ്കരിക്കണമെന്ന് സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
ഭാരത് മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ അംഗരാജ്യങ്ങളുടെയും പൂർണ സമ്മതത്തോടെ പ്രഖ്യാപന രേഖ ഔദ്യോഗികമായി പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തിൽ തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപനത്തിന് സമവായമുണ്ടാക്കാൻ സാധിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. ഭീകരവാദത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്ന പ്രസ്താവന, ഏകപക്ഷീയമായ യുദ്ധങ്ങളെ തള്ളിക്കളയുകയും പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പൽ ഗതാഗതത്തിന്റെയും കടൽയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയും ഊന്നിപ്പറയുന്നു.
ഗാസയിൽ മാനുഷിക സഹായം ഉറപ്പുവരുത്തണമെന്നും ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും സംയുക്ത പ്രഖ്യാപനം ആവശ്യപ്പെടുന്നു. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) പരിഷ്കരണത്തിനും തുറന്നതും സുതാര്യവുമായ ആഗോള വ്യാപാര സംവിധാനത്തിനും ബ്രിക്സ് പിന്തുണ ആവർത്തിച്ചു. ഡബ്ല്യു.ടി.ഒ ചട്ടങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയമായ താരിഫ് നടപടികളിൽ കൂട്ടായ്മ വലിയ ആശങ്ക രേഖപ്പെടുത്തി. 2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെയും പ്രഖ്യാപനം ശക്തമായി അപലപിച്ചു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ബന്ധപ്പെടുത്തരുതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

