Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം തുടരും; സുസ്ഥിര ഊർജപരിവർത്തനത്തിന് ബ്രിക്സ് ആഹ്വാനം

text_fields
bookmark_border
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം തുടരും; സുസ്ഥിര ഊർജപരിവർത്തനത്തിന് ബ്രിക്സ് ആഹ്വാനം
cancel

ന്യൂഡൽഹി : ആഗോളതലത്തിൽ പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് അതിവേഗം ചുവടുവെക്കുമ്പോഴും, വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കും ഊർജ സുരക്ഷയ്ക്കും ഫോസിൽ ഇന്ധനങ്ങൾ ഇനിയും വലിയൊരു പങ്കുവഹിക്കുമെന്ന് ബ്രിക്സ് കൂട്ടായ്മ പ്രഖ്യാപിച്ചു. ശനിയാഴ്ച ന്യൂഡൽഹിയിൽ സമാപിച്ച പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ അംഗീകരിച്ച 'ന്യൂഡൽഹി പ്രഖ്യാപന'ത്തിലാണ് ഈ നിർണായക നിലപാട് വ്യക്തമാക്കിയത്. പാരീസ് കാലാവസ്ഥാ വ്യതിയാന കരാറുകളോടുള്ള പ്രതിബദ്ധത ആവർത്തിക്കുമ്പോഴും, ഓരോ രാജ്യത്തിന്റെയും ആഭ്യന്തര സാഹചര്യങ്ങളും മുൻഗണനകളും കണക്കിലെടുത്തുകൊണ്ടുള്ള സുസ്ഥിരമായ ഊർജ്ജ പരിവർത്തനമാണ് ആവശ്യമെന്ന് പ്രഖ്യാപനത്തിൽ പറഞ്ഞു.

ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളിൽ നാല്‌ രാജ്യങ്ങളും ബ്രിക്സ് അംഗങ്ങളായ ഇന്ത്യ, ചൈന, ഇന്തോനേഷ്യ, റഷ്യ എന്നിവരാണ്. ഈ രാജ്യങ്ങൾ സൗരോർജ്ജം പോലുള്ള ഹരിത ഊർജ മേഖലകളിൽ വൻ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും, വ്യവസായങ്ങളുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ കൽക്കരി പോലുള്ള പരമ്പരാഗത ഇന്ധനങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്ന് രാജ്യങ്ങൾ വ്യക്തമാക്കുന്നു. വികസ്വര രാജ്യങ്ങളുടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമായ സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും ലഭ്യമാക്കാൻ വികസിത രാജ്യങ്ങൾ തയ്യാറാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാർബൺ അതിർത്തി നികുതിയെയും ബ്രിക്സ് പ്രഖ്യാപനത്തിൽ ശക്തമായി എതിർത്തു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ, ഇത്തരം ഏകപക്ഷീയവും വിവേചനപരവുമായ സംരക്ഷണ നയങ്ങൾ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ആഗോള കൂട്ടായ്മയെ ദുർബലപ്പെടുത്തുമെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ വികസ്വര രാജ്യങ്ങളുടെ പരമാധികാരവും ഊർജ സുരക്ഷയും മുൻനിർത്തിയുള്ള വികസന മാതൃകയാണ് ബ്രിക്സ് മുന്നോട്ട് വെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BRICS Backs Fossil Fuel Use
Next Story