കൈക്കൂലി ആരോപണം: തൃണമൂൽ നേതാവിന് നേരെ മുട്ടയേറ്
text_fieldsകൊൽക്കത്ത: ഹൗറ ജില്ലയിലെ ബാലിയിൽ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സീതാനാഥ് ഗാംഗുലിക്ക് നേരെ അഴിമതി, കൈക്കൂലി ആരോപണങ്ങളെ തുടർന്ന് നാട്ടുക്കാർ പരസ്യമായി മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. നേതാവിനെ ജനക്കൂട്ടം വളഞ്ഞ് മുട്ടയെറിയുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കഴിഞ്ഞ 15 വർഷത്തിനിടെ സർക്കാർ ക്ഷേമപദ്ധതികളുടെ ഫണ്ട് തട്ടിയെടുത്ത്, ഒരു സാധാരണ ഒറ്റമുറി വീട്ടിൽ നിന്നും സീതാനാഥ് ഗാംഗുലി വൻ ആഡംബര മന്ദിരം പണിതുയർത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. അഴിമതിയിലൂടെയും കൈക്കൂലിയിലൂടെയും അനധികൃതമായി വൻ സമ്പത്ത് സമ്പാദിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
പ്രദേശവാസികളിൽ നിന്ന് വൻതോതിൽ പണം തട്ടിയതായും പരാതിയുണ്ട്. സ്വന്തം വീടിന് പുറത്തിറങ്ങിയ നേതാവിനെ തടഞ്ഞുവെച്ച ജനക്കൂട്ടം ചീത്തവിളിക്കുകയും തിരികെ വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ സമ്മതിക്കാതെ തുടർച്ചയായി മുട്ടയെറിയുകയുമായിരുന്നു
സമീപകാല നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എം.സിക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്ന് പാർട്ടി നേതാക്കൾക്കെതിരെ ജനരോഷം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്ക് മുന്നേ ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയും മുട്ടയും ഇഷ്ടികയും എറിഞ്ഞ് പ്രതിഷേധം നടന്നിരുന്നു. മുതിർന്ന നേതാവ് മദൻ മിത്രയുടെ വാഹനവ്യൂഹത്തിനും നേരെ മുട്ടയേറ് ഉണ്ടായി. ഹൂഗ്ലിയിൽ മുതിർന്ന നേതാവ് സപൻ സാമന്തയെ ചെരുപ്പുമാല അണിയിക്കുകയും മുട്ടയും തക്കാളിയും എറിയുകയും ചെയ്ത സംഭവവും വിവാദമായിരുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് സമീപത്തുനിന്ന് മടങ്ങുകയായിരുന്ന ടി.എം.സി നേതാവ് കുനാൽ ഘോഷിനും ആക്രമണം നേരിട്ടിരുന്നു. പരാതിയെ തുടർന്ന് കൊൽക്കത്ത പൊലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങളിൽ പൊലിസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ടി.എം.സി ആരോപിക്കുന്നു. എന്നാൽ, 15 വർഷത്തെ ടി.എം.സി ഭരണത്തിനെതിരായ ജനരോഷത്തിന്റെ പ്രകടനമാണ് ഈ പ്രതിഷേധങ്ങളെന്ന് ബി.ജെ.പി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

