കേന്ദ്രത്തിന്റെ ഗുണനിലവാര നടപടി; നൈക്കും അഡിഡാസും ഇന്ത്യൻ വിപണിയിൽ നിന്ന് അപ്രത്യക്ഷമായേക്കും
text_fieldsന്യൂഡൽഹി: വിലകൂടിയ വിദേശ സ്‌പോർട്‌സ് പാദരക്ഷക്ലും മറ്റ് പ്രീമിയം ഉൽപന്നങ്ങളും ഇഷ്ടപ്പെടുന്നവർക്ക് വിഷമമുണ്ടാക്കുന്ന ഒരു വാർത്ത. നൈക്ക്, അഡിഡാസ്, പ്യൂമ തുടങ്ങിയ ആഗോള സ്റ്റാർ ബ്രാൻഡുകൾ 2026 ന്റെ അവസാനത്തോടെ ഇന്ത്യൻ വിപണികളിൽ നിന്ന് അപ്രത്യക്ഷമായേക്കാമെന്നതാണ് അത്.
എന്താണ് ഇതിന്റെ കാരണം? ഈ ബ്രാൻഡുകളെല്ലാം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ (ബി.ഐ.എസ്) നിന്ന് ഗുണനിലവാര സർട്ടിഫിക്കേഷൻ നേടേണ്ടതുണ്ട്. അതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്രാന്റുകളുടെ ഫാക്ടറികളിൽ ബി.ഐ.എസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മാർച്ചിൽ ലഖ്‌നൗ, ഡൽഹി, ഗുഡ്ഗാവ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ ആമസോൺ, ഫ്ലിപ്കാർട്ട് വെയർഹൗസുകളിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, ശ്രീപെരുമ്പുത്തൂർ, തിരുവള്ളൂർ എന്നിവിടങ്ങളിലും ബി.ഐ.എസ് രാജ്യവ്യാപകമായി റെയ്ഡുകൾ നടത്തുകയുണ്ടായി. നിലവാരമില്ലാത്തതോ ബി.ഐ.എസ് ഗുണനിലവാര മുദ്രയില്ലാത്തതോ ആയ ആയിരക്കണക്കിന് ഇനങ്ങൾ പിടിച്ചെടുത്തു.
ഒരു ഫ്ലിപ്കാർട്ട് വെയർഹൗസിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന നൂറുകണക്കിന് സ്‌പോർട്‌സ് ഷൂകൾ പിടിച്ചെടുത്തു. ഷൂസുകൾക്കൊപ്പം സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകളും കളിപ്പാട്ടങ്ങളും കണ്ടുകെട്ടിയ പ്രധാന ഉൽപന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. കൂടുതലും പ്രധാന നിർമാതാക്കളിൽ നിന്നുള്ളവയായിരുന്നു ഇത്.
730തോളം ഉൽപന്നങ്ങൾ ഇപ്പോൾ ‘ക്വാളിറ്റി കൺട്രോൾ ഓർഡർ’ എന്ന് വിശേഷിപ്പിക്കുന്നവക്ക് വിധേയമാണ്. 180 ഉൽപന്നങ്ങളിൽനിന്നാണ് ഈ പട്ടിക വിപുലീകരിച്ചത്. കൂടാതെ ബി.ഐ.എസിന്റെ ഗുണനിലവാര മുദ്ര വഹിക്കുകയും വേണം. പ്രഷർ കുക്കറുകൾ, ഗ്യാസ് സ്റ്റൗകൾ, ബാറ്ററി സെല്ലുകൾ, മൊബൈൽ ചാർജറുകൾ, സിമന്റ്, സ്റ്റീൽ സ്ട്രിപ്പുകൾ പോലുള്ള വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവ പോലുള്ള ദൈനംദിന ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം സാനിറ്ററി പാഡുകളും ബേബി ഡയപ്പറുകളും ബി.ഐ.എസ് പട്ടികയിൽ ചേർത്തു.
റെയ്ഡിനിടെ ഇൻസുലേറ്റഡ് ഫ്ലാസ്കുകൾ, ഇൻസുലേറ്റഡ് ഫുഡ് കണ്ടെയ്നറുകൾ, മെറ്റാലിക് കുടിവെള്ള കുപ്പികൾ, സീലിംഗ് ഫാനുകൾ, 36 ലക്ഷം രൂപ വിലവരുന്ന കളിപ്പാട്ടങ്ങൾ എന്നിവയുൾപ്പെടെ ബി.ഐ.എസ് സ്റ്റാൻഡേർഡ്മുദ്ര ഇല്ലാത്ത 3,376 വ്യത്യസ്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തുവെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

