മസ്തിഷ്ക മരണ സ്ഥിരീകരണം: വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന ഹരജിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (എയിംസ്) കീഴിലെ ഡോക്ടർമാരുടെ വിദഗ്ധ സമിതി രൂപവത്കരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി. കേരളത്തിൽനിന്നുള്ള ഡോക്ടർ എസ്. ഗണപതി സമർപ്പിച്ച ഹരജിയിലാണ് എയിംസ് ന്യൂറോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ, അഞ്ചുവരെ വിദഗ്ധരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്. നിലവിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ നടത്തുന്ന പരിശോധന ശാസ്ത്രീയമായി പൂർണമല്ലെന്നും ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഡോ. എസ്. ഗണപതി വാദിച്ചു.
രോഗിയെ നേരിട്ട് പരിശോധിക്കാതെപോലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. പരിശോധനകൾ വിഡിയോയിൽ പകർത്തണമെന്ന നിയമം പലപ്പോഴും പാലിക്കപ്പെടുന്നില്ല. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഫോമുകളിൽ ഡോക്ടർമാർ രോഗിയെ കാണാതെത്തന്നെ ഒപ്പിടുന്ന പ്രവണതയുണ്ട്. അവയവദാനത്തിനായി ആശുപത്രികൾ സമ്മർദം ചെലുത്തുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് നിലവിൽ കൃത്യമായ നിയമങ്ങളും ബോർഡുകളും ഉണ്ടെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
പരിശോധന രീതികളിലെ സുതാര്യതയും ശാസ്ത്രീയതയുമാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു. പുതിയ പരിശോധനാ രീതികളുടെ പ്രായോഗികതയും സുരക്ഷിതത്വവും സമിതി പരിശോധിക്കണമെന്ന് നിർദേശിച്ച കോടതി, ജൂലൈയിൽ ഹരജി വീണ്ടും പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

