‘മരിച്ച’യാൾക്ക് പോസ്റ്റ്മോർട്ടം മേശയിൽ ജീവെൻറ തുടിപ്പ്
text_fieldsഭോപാൽ (മധ്യപ്രദേശ്): ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയയാൾക്ക് പോസ്റ്റ്മോർട്ടം മേശയിലെത്തിയപ്പോൾ ജീവെൻറ തുടിപ്പ്. നാഡിമിടിപ്പ് കണ്ടെത്തിയതാണ് ‘പരേതന്’ രക്ഷയായത്. ഛിന്ദ്വാരയിലെ പ്രഫസർ കോളനി സ്വദേശി ഹിമാൻഷു ഭരദ്വാജാണ് ഡോക്ടർമാരുടെ വിധിതീർപ്പുകൾ തിരുത്തി ജീവിതത്തിലേക്ക് മടങ്ങിയത്.
ഞായറാഴ്ച വൈകീട്ടുണ്ടായ റോഡപകടത്തിൽ ഹിമാംഷുവിന് ഗുരുതര പരിക്കേറ്റു. തുടർന്ന് നാഗ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ മസ്തിഷ്ക മരണം സംഭവിച്ചതായി അറിയിച്ചു. തുടർന്ന് ഛിന്ദ്വാരയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ ഡോക്ടർമാരാണ് മരണം ‘സ്ഥിരീകരിച്ച്’ പോസ്റ്റുമോർട്ടത്തിന് അയച്ചത്. പോസ്റ്റുമോർട്ടം ചെയ്യുംമുമ്പ് പാത്തോളജിസ്റ്റ് ഡോ. നിർണയ് പാണ്ഡെ പരിശോധിച്ചപ്പോഴാണ് ജീവെൻറ തുടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് വിദഗ്ധ ചികിത്സക്കായി നാഗ്പുരിലേക്ക് കൊണ്ടുപോയി.
മസ്തിഷ്ക മരണം സംഭവിച്ചവരിൽ ക്ഷണനേരത്തേക്ക് ശ്വാസം നിലക്കുന്നതും ഹൃദയസ്പന്ദനം നിൽക്കുന്നതും സ്വാഭാവികമാണെന്ന് ഛിന്ദ്വാര ജില്ല ആശുപത്രിയിലെ ഡോക്ടർ സി. ഗെദാം പറഞ്ഞു. ഹിമാംഷു മരണമുഖത്തുനിന്ന് മടങ്ങിവന്നതിനെ ദിവ്യാദ്ഭുതമായാണ് അദ്ദേഹത്തിെൻറ കുടുംബം വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
