ബീഡി പോലും വലിക്കില്ല; കൂട്ട ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ ബി.ജെ.പി നേതാവിന് പിന്തുണയുമായി ഹരിയാനയിലെ ബ്രാഹ്മണ സമുദായം
text_fieldsചണ്ഡീഗഢ്: കൂട്ട ബലാത്സംഗ ആരോപണ വിധേയനായ ഹരിയാന ബി.ജെ.പി അധ്യക്ഷൻ മോഹൻലാൽ ബദോളിക്ക് അടിയുറച്ച പിന്തുണയുമായി ബ്രാഹ്മണ സമുദായ അംഗങ്ങൾ. ബദോളിക്കെതിരെ സാമൂഹിക സംഘടനകളും പ്രതിപക്ഷവും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ ഭാവി തകർക്കാനായി കെട്ടിച്ചമച്ച കേസാണിതെന്നാണ് ബദോളിയുടെ വാദം. സ്വന്തം സമുദായത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ബദോളിയുടെ വാദത്തിന് ബലവുമേറി. ഒരു ബീഡി പോലും വലിക്കാത്ത, ക്ലീൻ ഇമേജുള്ള നേതാവാണ് ബദോളിയെന്നാണ് സമുദായ അംഗങ്ങൾ പറയുന്നത്.
ബദോളി വീണ്ടും ബി.ജെ.പിയുടെ അധ്യക്ഷനായെത്തുന്നത് തടയാനുള്ള നീക്കമാണ് കേസെന്നും അവർ പറയുന്നു.ബദോളിയും മുഖ്യമന്ത്രി നയാബ് സിങ് സെയ്നിയും ബി.ജെ.പിയെ തുടർച്ചയായ മൂന്നാംതവണയും അധികാരത്തിലെത്തിച്ച് മാന്ത്രിക പ്രകടനം നടത്തിയത് ചിലർക്ക് ദഹിക്കുന്നില്ലെന്ന് ജിന്ദ് ബ്രാഹ്മണ സഭയുടെ മുൻ ജനറൽ സെക്രട്ടറി രാം ചന്ദർ അത്രി പറഞ്ഞു. ബദോളിക്ക് പിന്തുണയർപ്പിച്ച് ബ്രാഹ്മണ സമൂഹം അഞ്ച് വാർത്താസമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്.
2023 ജൂലൈ മൂന്നിന് ഡൽഹി സ്വദേശിയായ യുവതിയെ ബദോളിയും റോക്കി മിത്തൽ എന്നറിയപ്പെടുന്ന ഹരിയാൻവി ഗായകനും സംഗീതസംവിധായകനുമായ ജയ് ഭഗവാനും കൂട്ടബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പരാതി. ഹിമാചൽ പ്രദേശിലെ സോളനിലെ ഹോട്ടലിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. ഡിസംബറിൽ അവർക്കെതിരെ കേസെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയർന്നിരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന് പറയുന്ന ബി.ജെ.പി നേതാക്കളുടെ യഥാർഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് കോൺഗ്രസ് എം.പി ദീപേന്ദർ സിങ് ഹൂഡ ആരോപിച്ചു. നേതാവിനെതിരെ പ്രതിഷേധമുയർന്നതോടെ സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ബി.ജെ.പി നിർബന്ധിതമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

