‘ഒന്നും ചെയ്യാനാകുന്നില്ല’ പ്രസ് കൗൺസിൽ അംഗം ബി.ആർ. ഗുപ്ത രാജിവെച്ചു
text_fieldsന്യൂഡൽഹി: മാധ്യമ ലോകത്തിന് വേണ്ടി വ്യക്തിപരമായോ കൂട്ടായോ പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ആർ. ഗുപ്ത പ്രസ് കൗൺസിൽ അംഗത്വം രാജിവെച്ചു. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിരന്തരം ഉത്തേജിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള പ്രസ്കൗൺസിലിന് ഇപ്പോൾ അതിന് സാധിക്കുന്നില്ല. മാധ്യമ ലോകം കടുത്ത പ്രതിസന്ധിയിലാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രസ് കൗൺസിലിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് രാജി വിവരം പുറത്തുവിട്ട് അദ്ദേഹം പറഞ്ഞു.
മാധ്യമലോകത്തെ പൂർണമായും പ്രതിനിധാനം ചെയ്യുന്ന സംവിധാനമാണ് പ്രസ്കൗൺസിലെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നേരിടുന്ന പ്രതിസന്ധിയെ എങ്ങനെയാണ് അതിജീവിക്കുന്നത് എന്നത് തങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ്. പ്രസ്കൗൺസിൽ അംഗമെന്ന നിലയിൽ വ്യക്തിപരമായോ കൂട്ടായോ പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രാജി.
ബി.ആർ. ഗുപ്തയുടെ രാജി ലഭിച്ചെങ്കിലും സ്വീകരിച്ചിട്ടില്ലെന്ന് പ്രസ്കൗൺസിൽ ചെയർമാൻ ജസ്റ്റിസ് സി.കെ. പ്രസാദ് പറഞ്ഞു.
