
ഷാറൂഖ് ഖാനെ ബഹിഷ്കരിക്കാനുള്ള ഹാഷ്ടാഗുമായി ബി.ജെ.പി നേതാവ്; തിരിച്ചടിച്ച് ആരാധകർ
text_fieldsമുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനെ ബഹിഷ്കരിക്കാനുള്ള ഹാഷ്ടാഗുമായി ഹരിയാനയിലെ ബി.ജെ.പി നേതാവ് ട്വിറ്ററിൽ രംഗത്തെത്തി. അത്യന്തം വർഗീയമായ കമന്‍റുകളും പരാമർശങ്ങളുമായി സംഘ് അനൂകുല പ്രൊഫൈലുകൾ ഇതിനൊപ്പം ചേർന്നപ്പോൾ പ്രതിരോധവുമായി ഷാറൂഖിന്‍റെ ആരാധകർ രംഗത്തുവന്നു. #BoycottShahRukhKhan എന്ന ഹാഷ്ടാഗിനെതിരെ #WeLoveShahRukhKhan (ഞങ്ങൾ ഷാറൂഖിനെ സ്നേഹിക്കുന്നു) എന്ന ഹാഷ്ടാഗുമായായിരുന്നു ആരാധകരുടെ 'പ്രത്യാക്രമണം'.
ഹരിയാനയിലെ ബി.ജെ.പിയുടെ സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഡിപാർട്െമന്റ് ചുമയതല വഹിക്കുന്ന അരുൺ യാദവ് എന്നയാളാണ് 'ഷാറൂഖിനെ ബഹിഷ്കരിക്കുക' എന്ന ഹാഷ്ടാഗുമായി വ്യാഴാഴ്ച രാവിലെ രംഗത്തുവന്നത്. ഇത് ട്വിറ്ററിൽ ട്രെൻഡിങ്ങായതോടെയാണ് ആരാധകർ തിരിച്ചടിച്ചത്.
ഷാറൂഖ് ഖാൻ പാകിസ്താനൊപ്പമാണെന്ന് ആരോപിച്ച അരുൺ യാദവ് വർഗീയമായ പരാമർശങ്ങളടങ്ങുന്ന ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തത്. ഷാറൂഖിനു പുറമെ ആമിർ ഖാനെയും സൽമാൻ ഖാനെയും ബഹിഷ്കരിക്കണമെന്നും ഇയാൾ ട്വീറ്റ് ചെയ്തു. എന്നാൽ, ഷാറൂഖിനെ ബഹിഷ്കരിക്കാനുള്ള ഹാഷ്ടാഗിൽ താൻ പോസ്റ്റ് ചെയ്ത ട്വീറ്റുകളൊക്കെ ഉച്ചയോടെ ഇയാൾ ഡിലീറ്റ് ചെയ്തു. ശേഷം, നടനെതിരെ മറ്റുള്ളവരുടെ നിരവധി വിദ്വേഷ ട്വീറ്റുകൾ റീട്വീറ്റ് ചെയ്ത് തന്‍റെ വാളിൽ നിറച്ചു.
കടുത്ത വർഗീയ പരാമർശങ്ങളുമായി സംഘ്പരിവാർ അനുകൂലികൾ ഈ ഹാഷ്ടാഗിനുപിന്നിൽ അണിനിരന്നതോടെ, 30000ലേറെ ട്വീറ്റുകൾ ബഹിഷ്കരണത്തെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ടു. എന്നാൽ, രാജ്യത്തുടനീളമുള്ള ആരാധകർ 'ഞങ്ങൾ ഷാറൂഖിനെ സ്നേഹിക്കുന്നു'എന്ന ഹാഷ്ടാഗുമായി അവതരിച്ചതോടെ അതിന് ഏറെ പിന്തുണ കിട്ടി. മണിക്കൂറുകൾക്കകം ആ ഹാഷ്ടാഗ് ട്രെൻഡിങ്ങായി. മികവുറ്റ അഭിനേതാവ് മാത്രമല്ല, തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണ് ഷാറൂഖ് എന്ന് അടയാളപ്പെടുത്തുന്നതായിരുന്നു ആരാധകരുടെ ട്വീറ്റുകളിൽ അധികവും.
ഷാറൂഖിെന്റ പുതിയ സിനിമയായ 'പത്താൻ' അടുത്ത മാസം റിലീസിന് ഒരുങ്ങിനിൽക്കവെയാണ് വർഗീയമായ രീതിയിൽ നടനെ ആക്രമിക്കാനുള്ള നീക്കം. 'എന്തിനാണ് ഇന്ത്യയിലെ പടത്തിന് പത്താൻ എന്ന് പേരിടുന്നത്? ഷാറൂഖ് വേണമെങ്കിൽ അഫ്ഗാനിസ്താനിൽ പോയി സിനിമ എടുത്തോട്ടെ' എന്നായിരുന്നു ഒരു ട്വീറ്റിൽ പരാമർശിച്ചത്.